കണ്ണൂർ: ജില്ലയിൽ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു. ഇന്നലെ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഉദ്യോഗസ്ഥർ ഡിജിറ്റൽ ഇടപാട് വഴി പണം വാങ്ങിച്ചതായി കണ്ടെത്തി. പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയർ, ക്ലർക്ക് എന്നിവർ കരാറുകാരിൽ നിന്നും ഗൂഗിൾ പേ വഴി പണം സ്വീകരിച്ചെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
വെറും ആറ് മാസത്തെ കണക്കുകളിൽ മാത്രം രണ്ട് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായി പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
മൂന്ന് വർഷമായി പഞ്ചായത്തിൽ ജോലി ചെയ്തു വരുന്ന ഓവർസിയറുടെ അക്കൗണ്ടിൽ മാത്രം ഒന്നര ലക്ഷം രൂപയോളം കൈക്കൂലി പണം എത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.നാല് കരാറുകാരിൽ നിന്നാണ് ഇത്രയും തുക അനധികൃതമായി അക്കൗണ്ടിലേക്ക് മാറ്റിയത്. ഇങ്ങനെ ലഭിച്ച കൈക്കൂലി പണം ഇതെ ഓഫീസിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും വീതിച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിശദീകരണം തൃപ്തീകരമായിരുന്നില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം .
പരിശോധന തുടരാൻ വിജിലൻസ് സംഘം.
വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ എസ്.ഐ സി ഷാജു,എ.എസ്.ഐ എ.ശ്രീജിത്ത്, എസ്.സി.പി.ഒമാരായ ടി.പി.സന്തോഷ്കുമാർ, പി.പി.ഷിൻജു, സി പി.ഒ വി.വി. പ്രജിൽ രാജ് എന്നിവർ പങ്കെടുത്തു. പയ്യന്നൂർ ബ്ലോക്ക് അസി.എൻജിനിയർ അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |