കണ്ണൂർ: സി.പി.എം. ജില്ലാകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നിമിഷത്തിൽ, ചടങ്ങിന് സാക്ഷിയാകാനെത്തിയവരുടെ ഓർമ്മകളിൽ നിറഞ്ഞത് പഴയ അഴീക്കോടൻ മന്ദിരം. അവർക്ക് കേവലം ഒരു കെട്ടിടമായിരുന്നില്ല അഴീക്കോടൻ മന്ദിരം. അത് കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിത്തറയായിരുന്നു.
സഖാവ് ഇ.കെ. നായനാർ പുലർച്ചെയോ അർദ്ധരാത്രിയോ എത്തിയാൽ, ഓഫീസ് സെക്രട്ടറി ശ്രീനിവാസനെ നീട്ടി വിളിക്കും. സ്‌നേഹനിർഭരമായ വിളി ഇപ്പോഴും ശ്രീനിവാസന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്: ശ്രീനിവാസാ... പത്രങ്ങളെല്ലാമിങ്ങടുക്ക്...' നായനാർ വാർത്തകളുടെ ഇടയിലൂടെ സഞ്ചരിക്കും. എല്ലാം നുണകളല്ലെയെടോ,' എന്നും ചോദിക്കും.
വീടുകളിലേക്കു പോകാനുള്ള വേളയോ സമയമോ കൂടാതെ, പലരും ഈ ഓഫീസിൽ തന്നെ താമസിച്ചും ഭക്ഷണമൊരുക്കിയും, സ്വന്തം ജീവിതത്തെക്കാൾ വലുതായി പ്രസ്ഥാനത്തെ കണ്ടു പ്രവർത്തിച്ചിരുന്നു.
പ്രസ്ഥാനത്തിന്റെ ഹൃദയഭാഗമായ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി. ഹാളിൽ നടന്ന വിവാഹങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ശ്യാമളയുടെയും വിവാഹം 1985 ജൂൺ 30ന് ഈ ഹാളിലാണ് നടന്നത്. ഇ.എം.എസ്, ചടയൻ ഗോവിന്ദൻ, എം.വി. രാഘവൻ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്ത ആ വിവാഹത്തിന്റെ ക്ഷണക്കത്ത് ജില്ലാ കമ്മിറ്റി തന്നെയാണ് അച്ചടിച്ച് നൽകിയത്.
പാർട്ടി ഓഫീസിൽ തന്നെ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങൾ കഴിച്ചുകൂട്ടിയ മുൻ ഏരിയാസെക്രട്ടറി കെ.പി സുധാകരന്റെ വിവാഹവും എ.കെ.ജി ഹാളിലായിരുന്നു.
ദേശീയനേതാക്കളുടെ കൂടിക്കാഴ്ചസ്ഥലം
ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സീതാറാം യെച്ചുരി, ഹർകിഷൻ സിംഗ് സുർജിത്ത്, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, ജി. സുന്ദരയ്യ തുടങ്ങിയ ദേശീയ നേതാക്കൾ നിരവധി തവണ ഈ ഓഫീസിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |