
ഇരിട്ടി: കൂട്ടുപുഴ പൊലീസ് ചെക്ക്പോപോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ഏഴ് കിലോ കഞ്ചാവുമായി പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ (25), പാച്ചേനി സ്വദേശി അഭിനവ് (25) എന്നിവർ പൊലീസ് പിടിയിലായി. ബംഗളുരു – പയ്യന്നൂർ റൂട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസിൽ രണ്ട് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
പിടികൂടിയ കഞ്ചാവിന് പ്രാദേശിക മാർക്കറ്റിൽ ഏകദേശം അഞ്ച് ലക്ഷത്തിന് മുകളിലാണ് വില. അഭിനവിനും ജിൻസിനും എതിരെ എറണാകുളത്തും കണ്ണൂരിലും എക്സൈസ് കേസുകൾ നിലവിലുണ്ട്. പ്രതികൾ ബാംഗ്ലൂരിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയത്. കംപ്രസ്സഡ് പാക്കുകളായി ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . പ്രതികൾ കിടന്നിരുന്ന ബർത്തിന് മുകളിൽ തന്നെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇരിട്ടി എസ്.ഐ കെ.ഷറഫുദീന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ലഹരി കടത്താനുള്ള സാദ്ധ്യത മുൻനിർത്തി കഴിഞ്ഞ രണ്ടാഴ്ചയായി അതിർത്തിയിൽ രാത്രികാല പരിശോധന ശക്തമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |