
കണ്ണൂർ: അതിർത്തികളിൽ വന്ന സുപ്രധാന മാറ്റങ്ങൾ ഇത്തവണ പേരാവൂർ ഡിവിഷനെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ എം.ജൂബിലി ചാക്കോ 20,412 വോട്ടുകൾ നേടി യു.ഡി.എഫിന്റെ അപ്രമാദിത്വം തെളിയിച്ച ഡിവിഷനാണിത്. അന്ന് എൻ.സി പിയിലെ ഷീന ജോൺ 18,164 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി ജോവ 3,560 വോട്ടുകളും നേടിയിരുന്നു.
ഇരിട്ടി ബ്ലോക്കിലെ കീഴ്പ്പള്ളി, വെളിമാനം, ആലയാട്, തില്ലങ്കേരി എന്നിവയും പേരാവൂർ ബ്ലോക്കിലെ പാലപ്പുഴ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാടുമാണ് നിലവിലെ പേരാവൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്നത്. യു.ഡി.എഫ് ആധിപത്യമുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ബ്ലോക്ക് ഡിവിഷനുകൾക്ക് പകരം എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് ബ്ലോക്ക് ഡിവിഷനുകൾ കൂട്ടിച്ചേർത്തതാണ് ഇത്തവണ വിധി പ്രവചനാതീതമാക്കുന്നത്.
ആറളം, തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂർ, മാലൂർ എന്നീ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്.എൽ.ഡി.എഫിന്റെ നീക്കത്തെ ശക്തമായി പ്രചാരണത്തിലൂടെ മറികടക്കാനാണ് യു.ഡി.എഫ് നീക്കം. എൻ.ഡി.എയും മത്സരത്തിൽ സജീവമാണ്.
ഇവർ സ്ഥാനാർത്ഥികൾ
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സജിത മോഹനൻ നാലാം തവണയാണ് ജനവിധി തേടുന്നത്. മുഴക്കുന്ന് സ്വദേശിനിയായ സജിത മുമ്പ് പാല ഡിവിഷനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. കെ.പി.സിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി കൂടിയാണ് സജിത.
എസ്എഫ്‌ഐ പേരാവൂർ ഏരിയ ജോയിന്റ് സെക്രട്ടറിയായ 22കാരി നവ്യ സുരേഷാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മാങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസിൽ രണ്ടാം വർഷ ജേർണലിസം വിദ്യാർത്ഥിനിയാണ്. ഇ.കെ. നായനാർ സ്മാരക ഗവൺമെന്റ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നവ്യ ഡി.വൈ.എഫ്.ഐ പേരാവൂർ സൗത്ത് മേഖലാ വൈസ് പ്രസിഡന്റ് കൂടിയാണ്. എൻ.ഡി.എ സ്ഥാനാർത്ഥി ലതിക സുരേഷ് ബി.ജെ.പി പേരാവൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. കീഴ്പ്പള്ളിയിൽ ടെക്സ്‌റ്റൈൽ വ്യാപാരിയായ ലതികയ്ക്ക് മുമ്പ് പേരാവൂർ ഗ്രാമപഞ്ചായത്തിൽ മത്സരിച്ച പരിചയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |