
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷനിൽ മൂന്നു പ്രധാന രാഷ്ട്രീയ മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളുമായി മൽസരത്തിനിറങ്ങിയിരിക്കുകയാണ്. ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളും ന്യൂമാഹി പഞ്ചായത്തിലെ പന്ത്രണ്ട് വാർഡുകളും ചേർന്ന് രൂപീകരിച്ചിട്ടുള്ള ഈ ഡിവിഷനിൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ട്.മുൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഇ.വിജയൻ പതിനെണ്ണായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ച ഡിവിഷനാണിത്.
നിലവിൽ പ്രതിപക്ഷ സാന്നിധ്യമില്ലാത്ത പന്ന്യന്നൂർ പഞ്ചായത്തും ഒരു യു.ഡി.എഫ് അംഗം മാത്രമുള്ള ചൊക്ലി പഞ്ചായത്തും ന്യൂമാഹി പഞ്ചായത്തും സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് ഭരിക്കുന്നത്. ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഭൂരിപക്ഷം വർദ്ധിപ്പിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം.
വോട്ടു തേടി ഇവർ
പി.പ്രസന്നയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ചമ്പാട് കുന്നോത്തുമുക്കിൽ മടത്തിക്കണ്ടിയിൽ താമസിക്കുന്ന പ്രസന്ന അംഗൻവാടി അദ്ധ്യാപികയാണ്. സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗം, കിഴക്കേ ചമ്പാട് ബ്രാഞ്ച് സെക്രട്ടറി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സെക്രട്ടറി, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി, ബാലസംഘം ജില്ലാകമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള പ്രസന്നയ്ക്ക് സംഘടനാതലത്തിൽ വലിയ പരിചയസമ്പത്തുണ്ട്.മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി നിഷ നെല്ല്യാട്ടിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. വിളക്കോട്ടൂർ സ്വദേശിയായ നിഷ 2015-2020 കാലഘട്ടത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രുതി പൊയിലൂർ തിരഞ്ഞെടുപ്പിൽ ഇതാദ്യമാണ്. എ.ബി.വി.പി സംസ്ഥാന സമിതി അംഗം, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |