
കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പിൽ 25 ഡിവിഷനുകളിലായി 93 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. ഇതിൽ 13 ഡിവിഷനുകളിൽ പ്രധാന മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള ത്രികോണ പോരാട്ടമാണെങ്കിൽ 12 ഡിവിഷനുകളിൽ ആം ആദ്മി പാർട്ടി, എസ്.ഡി.പി.ഐ, സ്വതന്ത്രർ എന്നിവരടക്കം ചേർന്ന് വൈവിധ്യമാർന്ന മത്സരമാണ് .
കരിവെള്ളൂർ, മാതമംഗലം, പടിയൂർ, പേരാവൂർ, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, ചെറുകുന്ന്, കുഞ്ഞിമംഗലം എന്നീ 13 ഡിവിഷനുകളിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ മാത്രമാണുള്ളത്. സ്വതന്ത്രരോ മറ്റ് പാർട്ടികളോ ഇവിടെ മത്സരിക്കാത്തതിനാൽ വോട്ടുകൾ മുന്നണികൾക്കിടയിൽ മാത്രം വീതം വയ്ക്കപ്പെടും. കരിവെള്ളൂരിൽ കോൺഗ്രസിന്റെ ഉഷ മുരളി, സി.പി.എമ്മിന്റെ എ.വി ലേജു, ബി.ജെ.പിയുടെ വിജയലക്ഷ്മി എന്നിവരാണ് പ്രധാന മത്സരാർത്ഥികൾ. മാതമംഗലത്ത് കോൺഗ്രസിന്റെ മഹിത മോഹൻ, സി.പി.എമ്മിന്റെ രജനി മോഹൻ, ബി.ജെ.പിയുടെ രമ സനിൽകുമാർ തമ്മിലും പടിയൂരിൽ ബി.ജെ.പിയുടെ നിത ഷാജി, കേരള കോൺഗ്രസ് എമ്മിന്റെ ബോബി എണ്ണച്ചോരിയിൽ, കേരള കോൺഗ്രസിന്റെ ഷീബ വർഗീസ് എന്നിവർ തമ്മിലുമാണ് മത്സരം.പേരാവൂരിൽ സി.പി.എമ്മിന്റെ നവ്യ സരേഷ്, ബി.ജെ.പിയുടെ ലതിക സരേഷ്, കോൺഗ്രസിന്റെ സജിത മോഹൻ എന്നിവരും പന്ന്യന്നൂരിൽ കോൺഗ്രസിന്റെ നിഷ നെല്ല്യാട്ട്, സി.പി.എമ്മിന്റെ പി. പ്രസന്ന, ബി.ജെ.പിയുടെ ശ്രുതി പൊയിലൂർ എന്നിവരും പോരാടുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ ബി.ജെ.പിയുടെ അഖിൽ വിപിൻ, സി.പി.എമ്മിന്റെ കെ.അനുശ്രീ, കോൺഗ്രസിന്റെ ജ്യോതി ജഗദീഷ് എന്നിവർ മത്സരിക്കുന്നു.
ഇവിടങ്ങളിൽ മത്സരം ബഹുമുഖ മത്സരം
നടുവിൽ, പയ്യാവൂർ, കൊട്ടിയൂർ, കോളയാട്, കൊളവല്ലൂർ, പാട്യം, കൊളച്ചേരി, അഴീക്കോട്, മാട്ടൂൽ, കുറുമാത്തൂർ, പരിയാരം, ഡിവിഷനുകളിൽ വൈവിധ്യമാർന്ന മത്സരമാണ്. ഇവിടെ മുന്നണികൾക്കൊപ്പം ആം ആദ്മി പാർട്ടി, എസ്.ഡി.പി.ഐ, സ്വതന്ത്രർ, ആർ.ജെ.ഡി തുടങ്ങിയവരും രംഗത്തുണ്ട്.കൊളവല്ലൂരിൽ ആറ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് ബി.ജെ.പിയുടെ അർജുൻ വാസദേവ്, ലീഗിന്റെ സി.കെ മുഹമ്മദലി, രണ്ട് സ്വതന്ത്രർ, ആർ.ജെ.ഡിയുടെയും എസ്.ഡി.പിഐയുടെയും സ്ഥാനാർത്ഥികൾ എന്നിവരാണ് പ്രധാനികൾ.അഴീക്കോട്ടിലും ആറ് സ്ഥാനാർത്ഥികളാണുള്ളത്. എ.എ.പിയുടെ കെ.വി രതീശൻ, സി.പി.എമ്മിന്റെ കെ.വി ഷക്കീൽ, സി.എം.പിയുടെ സുധീഷ് കടന്നപ്പള്ളി, ബി.ജെ.പിയുടെ സി.കെ സുരേഷ് വർമ, എസ്.ഡി.പി.ഐയുടെ ടി.വി റഹീം എന്നിവരാണ് മത്സരിക്കുന്നത്.മാട്ടൂലിലും ആറ് സ്ഥാനാർത്ഥികൾ സി.പി.ഐയുടെ അബ്ദുൾ നിസാർ വായിപ്പറമ്പ്, ലീഗിന്റെ എസ്.കെ.പി സക്കറിയ, ബി.ജെ.പിയുടെ എ.വി സനിൽ, എ.എ.പിയുടെ സാദിഖ് തുടങ്ങിയവർ പോരാടുന്നു.കൊട്ടിയൂരിൽ അഞ്ച് പേരും, കൊളച്ചേരി, പയ്യാവൂർ, പാട്യം, കുറുമാത്തൂർ, പരിയാരം എന്നിവിടങ്ങളിൽ നാല് വീതവും സ്ഥാനാർത്ഥികളുണ്ട്.
എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ സാന്നിദ്ധ്യമറിയിക്കുന്നത് രാഷ്ട്രീയ സമവാക്യങ്ങളെ സങ്കീർണമാക്കും. പ്രത്യേകിച്ചും കൊളവല്ലൂർ, അഴീക്കോട്, കൊട്ടിയൂർ തുടങ്ങിയ ഡിവിഷനുകളിൽ അഞ്ചോ ആറോ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വോട്ട് ചിതറലിന് കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |