
കണ്ണൂർ: ജനങ്ങളെ അഭിമുഖീകരിക്കാൻ സി.പി.എമ്മിന് ഭയമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.അതുകൊണ്ടാണ് കണ്ണൂരിൽ പലയിടത്തും എതിരാളികളെ ഭയപ്പെടുത്തി മത്സരത്തിൽ നിന്ന് പിൻതിരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭയപ്പെടുത്തലിന്റെ കാലം കഴിഞ്ഞു. ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.പി.എം തയ്യാറാകണം. വികസനത്തെകുറിച്ചാണ് സംസാരിക്കേണ്ടത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ സി.പി.എം ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. മാറ്റം വേണമെന്ന് ജനം ആഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു. ഭാരതം ഭരിച്ച് മുടിച്ച യു.പി.എ സർക്കാരിന്റെ കാലം എങ്ങനെയാണോ അതേ സാഹചര്യമാണ് കേരളത്തിൽ. കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനത്തും ഇടതും വലതും ഒന്നാണ്. പിന്നെ എന്തിനാണ് കേരളത്തിൽ മാത്രം ഈ നാടകമെന്ന നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ദേശീയ നിർവ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
വീട്ടുപടിക്കൽ സേവനമെത്തിക്കും
ബി.ജെ.പിക്ക് സദ്ഭരണം നടത്താനുള്ള കഴിവും കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ കോർപറേഷനിൽ ഭരണത്തിലെത്തിയാൽ ഓരോ ആളുടെയും വീട്ടുപടിക്കൽ സേവനമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഒന്നരമാസത്തിനകം വികസനത്തിന്റെ രേഖ ജനങ്ങൾക്ക് മുന്നിൽ വെക്കും. എല്ലാ വർഷവും കൃത്യമായ ചിലവ് ജനങ്ങൾക്ക് മുന്നിലെത്തിക്കും. എല്ലാ ഡിവിഷനുകളിലും ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |