
കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപംകൊണ്ട കൊട്ടിയൂർ ഡിവിഷനിൽ മുന്നണികളുടെ കടുത്ത മത്സരം . പഴയ പേരാവൂർ ,കോളയാട് ഡിവിഷനുകളെ പുനഃസംഘടിപ്പിച്ചാണ് ഈ പുതിയ ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരിച്ചിരിക്കുന്നത്.
അഞ്ചു ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള വാർഡുകൾ ചേർന്നതാണ് ഈ ഡിവിഷൻ. കൊട്ടിയൂരിലെയും കേളകത്തെയും എല്ലാ വാർഡുകളും കണിച്ചാറിൽ നിന്ന് 3 മുതൽ 14 വരെയുള്ള വാർഡുകളുംം പേരാവൂരിൽ നിന്ന് മൂന്ന് അഞ്ച്, ആറ്, എഴ്, എട്ട്, ഒൻപത് എന്നീ വാർഡുകളും കോളയാടിന്റെ ഏഴാം വാർഡും ഉൾപ്പെട്ടതാണ് ഡിവിഷൻ. കൊട്ടിയൂർ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇപ്പോൾ എൽ.ഡി.എഫ് ഭരണമാണ്. കൊട്ടിയൂരിൽ മാത്രം കോൺഗ്രസ് നേതൃത്വമുണ്ട്. കഴിഞ്ഞ തവണ പഴയ പേരാവൂർ ഡിവിഷനിൽ യു.ഡി.എഫും കോളയാടിൽ എൽ.ഡി.എഫുമാണ് ജയിച്ചത്.
ജില്ലയിലെ പ്രധാന മലയോര പ്രദേശമെന്ന നിലയിൽ ഒട്ടേറെ പ്രശ്നങ്ങൾ സജീവമായി നിൽക്കുന്ന പ്രദേശമാണ് കൊട്ടിയൂർ ഡിവിഷൻ. വന്യമൃഗങ്ങളുടെ ശല്യം തീവ്രമായ പ്രദേശമാണിത്. മനുഷ്യവന്യജീവി സംഘർഷവും വികസനപ്രശ്നങ്ങളുമാണ് പ്രചാരണത്തിൽ മുഖ്യമായും ഉയരുന്നത്. ഡിവിഷനിൽ മൂന്നു മുന്നണികൾക്കും ശക്തികേന്ദ്രങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്.ആകെ അഞ്ച് സ്ഥാനാർത്ഥികളാണ് ഈ ഡിവിഷനിൽ മത്സരിക്കുന്നത്.
അങ്കത്തട്ടിൽ ഇവർ
ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ടാണ് കൊട്ടിയൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി. ഇരിട്ടിയിലെ എം.ജി കോളേജ് ഭരണസമിതി വൈസ് പ്രസിഡന്റാണ്. അയ്യംകുന്ന് ചരൽ സ്വദേശിയായ ഇദ്ദേഹം പഞ്ചായത്ത് അംഗമെന്ന നിലയിൽ പരിചയസമ്പന്നനാണ്. ഇത് രണ്ടാം തവണയാണ് മത്സരത്തിന് ഇറങ്ങുന്നത്.എൻ.സി.പിയ്ക്ക് നൽകിയ സീറ്റിൽ റിട്ടയേർഡ് അദ്ധ്യാപകനായ എം.എ.ആന്റണിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അയ്യംകുന്ന് വാണിയപ്പാറ സ്വദേശിയായ ഇദ്ദേഹം എൻ.സി പി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തിരഞ്ഞെെടുപ്പിൽ മൂന്നാം ഊഴമാണ് ഇദ്ദേഹത്തിന്.ബി.ഡി.ജെഎസിന്റെ പ്രഭാകരൻ മണലുമാലിൽ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. റിട്ട.പഞ്ചായത്ത് സെക്രട്ടറിയായ ഇദ്ദേഹം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ ഇദ്ദേഹം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയാണ്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |