
പരീക്ഷാകേന്ദ്രം കോറോം എസ്.എൻ.ജി കോളേജ് ;ഹാൾ ടിക്കറ്റിൽ കണ്ണൂർ എസ്.എൻ.കോളേജ്
കണ്ണൂർ : ഹാൾ ടിക്കറ്റ് തയാറാക്കിയതിലെ പിഴവിനെ തുടർന്ന് അമൃത വിശ്വാവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ എൻജിനീയറിംഗ് പ്രവേശനപരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു. പരീക്ഷാസെന്ററായ കോറോം എസ്.എൻ.ജി കോളേജിന് പകരം കണ്ണൂർ എസ്.എൻ.കോളേജ് എന്ന് രേഖപ്പെടുത്തയതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല.
45 ഓളം വിദ്യാർത്ഥികൾക്ക് ലഭിച്ച ഹാൾ ടിക്കറ്റിൽ പരീക്ഷാ കേന്ദ്രം കണ്ണൂർ എസ്.എൻ കോളേജ് എന്നാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം ഇന്നലെ രാവിലെ തോട്ടടയിലെ കണ്ണൂർ എസ്.എൻ കോളജിൽ എത്തിയ വിദ്യാർത്ഥികളോട് കോളേജിൽ ഇത്തരമൊരു പരീക്ഷ നടക്കുന്നില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
പിന്നാലെ എസ്.എൻ കോളേജ് അധികൃതർ കോറോം എസ്.എൻ.ജി കോളേജുമായു ബന്ധപ്പെട്ടതോടെയാണ് ഹാൾ ടിക്കറ്റ് തയാറാക്കിയതിലെ അബദ്ധം വ്യക്തമാകുന്നത്. കോളേജ് മാറി എത്തിയതു കാരണം കഴിഞ്ഞ ദിവസവും ഇന്നലെയും മൂന്നു സമയങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ആദ്യ ബാച്ചുകാർക്ക് പരീക്ഷയെഴുതാനായില്ല. ഇതിനിടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അമൃത വിശ്വപീഠം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടതോടെയാണ് യൂണിവേഴ്സിറ്റി അധികൃതർ ഹാൾ ടിക്കറ്റിലെ പാളിച്ച മനസിലാക്കുന്നത്. ഹാൾ ടിക്കറ്റിലെ തെറ്റുകാരണം പരീക്ഷയെഴുതാനാവാത്തവർക്ക് അവസരം നൽകുമെന്ന് യൂണിവേഴ്സിറ്റ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |