കണ്ണൂർ: എപ്പോഴും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടത്തിന് സാധ്യത. 2021ൽ ഒമ്പത് സീറ്റുകളും 2016ൽ എട്ട് സീറ്റുകളും നേടിയ ഇടതുപക്ഷത്തിന്റെ ആധിപത്യ മേഖലയിൽ യു.ഡി.എഫിന്റെ ശക്തമായ കുതിപ്പാണ് 2025 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്ന പേരാവൂർ ഇത്തവണയും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ്. 2006ൽ കെ.കെ. ശൈലജ 9,099 വോട്ടിന് വിജയിച്ചതിനു ശേഷം മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 11,233 വോട്ടിന്റെ ലീഡ് ലഭിച്ചു. എന്നാൽ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 7,400 വോട്ടിന് മുന്നിലായിരുന്ന എൽ.ഡി.എഫ് ആറ് മാസത്തിനുള്ളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3,172 വോട്ടിന് പിന്നിലായത് ഇടതുപക്ഷത്തിന് ഓർമപ്പെടുത്തലാണ്. നേർത്ത ഭൂരിപക്ഷത്തിന്റെ ചരിത്രമുള്ള മണ്ഡലത്തിൽ 1982ൽ 126 വോട്ടിനും 1987ൽ 126 വോട്ടിനും കെ.പി. നൂറുദ്ദീൻ ജയിച്ചതും ഓർമിക്കേണ്ടതാണ്.
ജില്ലയുടെ ആസ്ഥാനമായ കണ്ണൂർ മണ്ഡലം കഴിഞ്ഞ രണ്ട് തവണയും എൽ.ഡി.എഫിനൊപ്പമായെങ്കിലും ഭൂരിപക്ഷം വളരെ നേർത്തതാണ്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കേവലം 299 വോട്ടിന് പിന്നിലായിരുന്ന എൽ.ഡി.എഫ് നാല് മാസത്തിനുള്ളിൽ 1,745 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചത് ശ്രദ്ധേയമാണ്. എന്നാൽ 2025 ഡിസംബറിൽ യു.ഡി.എഫിന് 8,350 വോട്ടിന്റെ വൻ ലീഡ് ലഭിച്ചത് ഇടതുപക്ഷത്തിന് ആശങ്കയുണ്ടാക്കുന്നു. കെ. സുധാകരനെപ്പോലുള്ള ശക്തരായ നേതാക്കളുടെ കാലത്ത് 19,133 വോട്ട് വരെ ഭൂരിപക്ഷം ലഭിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തവണ അതിതീവ്ര മത്സരമാകുമെന്നുറപ്പാണ്.
മലയോര മണ്ഡലമായ ഇരിക്കൂർ എപ്പോഴും കോൺഗ്രസിന്റെ സീറ്റാണെങ്കിലും 2006ൽ കെ.സി. ജോസഫിന്റെ ഭൂരിപക്ഷം 1,831 ആയി ചുരുങ്ങിയപ്പോൾ എൽ.ഡി.എഫിന്റെ ശക്തി തെളിഞ്ഞിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 31,078 വോട്ടിന്റെ വൻ ലീഡ് ലഭിച്ചത് മണ്ഡലത്തിൽ കോൺഗ്രസിന്റെ നില ഭദ്രമാക്കുന്നു.
2021ൽ കെ.വി. സുമേഷ് 6,141 വോട്ടിന് ജയിച്ചെങ്കിലും അഴീക്കോട് മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 2,019 വോട്ട് ലീഡുണ്ട്. മാറിമാറി മുന്നണികൾ ജയിച്ച ചരിത്രമുള്ള മണ്ഡലമാണിത്.
മണ്ഡലങ്ങൾ ഒറ്റനോട്ടത്തിൽ
വർഷം വിജയം ഭൂരിപക്ഷം
പേരാവൂർ
2021: സണ്ണി ജോസഫ് (യു.ഡി.എഫ്) 3,172
2016: സണ്ണി ജോസഫ് 7,989
2011: സണ്ണി ജോസഫ് 3,440
കണ്ണൂർ
2021: രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്) 1,745
2016: രാമചന്ദ്രൻ കടന്നപ്പള്ളി 1,196
2011: എ.പി. അബ്ദുള്ളക്കുട്ടി (കോൺഗ്രസ്) 6,443
ഇരിക്കൂർ
2021: സജീവ് ജോസഫ് (കോൺ.) 10,010
2016: കെ.സി ജോസഫ് (കോൺ.) 9,647
2011: കെ.സി ജോസഫ് (കോൺ.) 11,757
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |