കാസർകോട് : വനം വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ( ആർ ആർ ടി ) ടീമുകളിൽ ജോലി ചെയ്യുന്ന ദിവസവേതനക്കാർക്കും ഇനി യൂണിഫോം ധരിക്കാം. വനം വകുപ്പ് ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോക്ടർ പി പുകഴേന്തിയാണ് യൂണിഫോം നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് .
റേഞ്ച് ഓഫീസർ ആണെങ്കിലും കാട്ടിൽ പോകുന്ന എല്ലാവരും ഒരേ യൂണിഫോം ധരിച്ചിരിക്കണമെന്നാണ് നിർദ്ദേശം. 36 വനം ഡിവിഷനുകളിലായി ആയിരത്തോളം ദിവസ വേതനക്കാർ ആർ.ആർ.ടിയിലുണ്ട് .വനിതാ ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കും ഇതേ യൂണിഫോം ബാധകമാണ്. റാപ്പിഡ് റെസ്പോൺസ് ടീമിൽ ജോലിചെയ്യുന്ന ദിവസ വേതന ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താത്ത സാഹചര്യം അവരുടെ പ്രവർത്തനം മേഖലകളിൽ ധാരാളം പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്നാണ് വനംവകുപ്പിന്റെ തീരുമാനം.
കേരളത്തിലെ വനമേഖലകളിൽ മനുഷ്യ -വന്യജീവി സംഘർഷങ്ങൾ പതിവായിട്ടുള്ള നിലവിലെ സാഹചര്യത്തിൽ ആർ.ആർ.ടിയിലെ ദിവസ വേതനക്കാർ യൂണിഫോം ധരിക്കേണ്ടത് അത്തരം ജീവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമായും സുഖമായും നിർവഹിക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണെന്ന് വനം വകുപ്പ് മേധാവികൾക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി 20 ന് യൂണിഫോം പരിഷ്കരിച്ച് ഉത്തരവ് ഇറക്കിയത്. എല്ലാ ജില്ലകളിലെയും ഡിവിഷനുകളിലെയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാർക്കും ഇതു സംബന്ധിച്ച അടിയന്തിരമായി നിർദ്ദേശം നൽകിയിട്ടുണ്ട്.ഡ്രൈവർ, വാച്ചർമാർ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും നിയമിക്കുന്നവർ തുടങ്ങി എല്ലാവരും യൂണിഫോം ധരിക്കണമെന്നാണ് നിർദ്ദേശം.
ആർമി കളർ
ആർമി ഗ്രീൻ കളർ യൂണിഫോം ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഷർട്ടും പാന്റും ഒരേ നിറത്തിലാകണം. കെ.എഫ്.ഡി എന്നെഴുതിയ ഷോൾഡർ ബാഡ്ജ്, ഷർട്ടിന്റെ പോക്കറ്റിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പേര് , ബ്ലാക്ക് ഷൂ, ഒലിവ് നിറത്തിലുള്ള കാരമൽ തൊപ്പി, ബ്ലാക്ക് കളർ ബെൽറ്റ് വിത്ത് പ്ലെയിൻ ബക്കിൾ
കാട്ടിനുള്ളിൽ പോകുന്ന ജീവനക്കാരുടെ യൂണിഫോം ഏകീകരിക്കാനാണ് തീരുമാനം. വനം വകുപ്പ് ജീവനക്കാരെ എളുപ്പം തിരിച്ചറിയാനും ഇത് സഹായിക്കും. നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യൂണിഫോം തന്നെയാണ് ദിവസ വേതനക്കാർക്കും നൽകിയിരിക്കുന്നത്. കാസർകോട് ജില്ലയിലും ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പി.ധനേഷ് കുമാർ ,(അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർ, കാസർകോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |