ഇന്ന് ലോക തണ്ണീർത്തട ദിനം
കണ്ണൂർ:ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ ജലാശയങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം പദ്ധതികളിൽ ഒതുങ്ങുന്നു. മിക്ക ജലാശയങ്ങളും വിസ്തൃതിയും ആഴവും കുറഞ്ഞ് വരൾച്ചയുടെ പിടിയിലാണ്.
ഭൂരിഭാഗം തണ്ണീർത്തടങ്ങളും കൈയ്യേറ്റത്തിന്റെയും മാലിന്യ നിക്ഷേപത്തിന്റെയും പിടിയിലാണ്.
ഹരിത കേരള മിഷന്റെ കണക്ക് പ്രകാരം ജില്ലയിൽ ആകെ 595 തണ്ണീർത്തടങ്ങളാണ് നിലവിലുള്ളത്.എന്നാൽ ഇവയിൽ ചുരുക്കം ചിലത് മാത്രമാണ് സംരക്ഷിക്കപ്പെട്ട് പോകുന്നത്.ജില്ലാ പഞ്ചായത്തിന്റെ 2021-2022 വർഷത്തെ പദ്ധതിയിൽ കൃഷി ,കുടിവെള്ളം,ക്ഷീരം തുടങ്ങിയ മേഖലയോടൊപ്പം തണ്ണീർത്തട സംരക്ഷണത്തിന് വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.എന്നാൽ ഒരു വർഷം പൂർത്തിയായിട്ടും കാര്യമായൊന്നും നടന്നിട്ടില്ല.
വരും വർഷത്തെ പദ്ധതികളിൽ തണ്ണീർത്തട സംരക്ഷണത്തിന് മികച്ച പ്രാധാന്യം നൽകാനും കാട്ടാമ്പള്ളി പ്രദേശവുമായി ബന്ധപ്പെട്ടു വരുന്ന തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചിരുന്നു.കാട്ടാമ്പള്ളി തണ്ണീർത്തട പ്രദേശം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും കോർപറേഷൻ ഡിവിഷനും പഠനം നടത്തി കൈയേറ്റമുൾപ്പെടെ നടന്ന സ്ഥലങ്ങൾ കണ്ടെത്തി കൃഷി സാദ്ധ്യതകൾ പഠിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
കണ്ണൂരിന്റെ ജലസംഭരണിയായി കാട്ടാമ്പള്ളി
ജില്ലയിലെ പ്രധാനപ്പെട്ട തണ്ണീർത്തടമാണ് കാട്ടാമ്പള്ളി .വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി പുഴയുടെ ഇരുകരകളിലുമായി 15.32 ചതുരശ്ര കിലോമീറ്ററാണു കാട്ടാമ്പള്ളി തണ്ണീർത്തടത്തിന്റെ വിസ്തൃതി .
കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത് കൃഷിയെയും മത്സ്യസമ്പത്തിനെയും സാരമായി ബാധിച്ചു.
മാലിന്യ നിക്ഷേപം കാട്ടാമ്പള്ളിയെ നാശത്തിന്റെ പടുകുഴിയിലെത്തിച്ചു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചെങ്കിലും മാലിന്യ തള്ളൽ നിർബാധം തുടർന്നു.കൈപ്പാട് കൃഷിയും മത്സ്യസമ്പത്തും ഇതുവരെ പൂർവ സ്ഥിതിയിലായിട്ടില്ല. ഭൂമി കയ്യേറ്റം, രാസവള ,കീടനാശിനി പ്രയോഗം, മലിനജലം തുടങ്ങി നിരവധി പ്രശ്നങ്ങൾ കാട്ടാമ്പള്ളി നേരിടുന്നുണ്ട്.
സംരക്ഷിക്കണം തണ്ണീർത്തടങ്ങൾ
ഭൂഗർഭജലം സംരക്ഷിക്കുന്നതിലൂടെ വരൾച്ച തടയും
ഭൂമിയിലെ ജലവിതാനമുയർത്തും
മത്സ്യങ്ങൾ, ചെറുജീവികൾ, പക്ഷിമൃഗാദികൾ എന്നിവയുടെ ആവാസകേന്ദ്രം
പല മീനുകളുടെയും പ്രജനനകേന്ദ്രം
ദേശാടനപ്പക്ഷികളുടെ ഇടത്താവളം
തണ്ണീർത്തട പരിസരത്തെ സസ്യങ്ങൾ മണ്ണൊലിപ്പു തടയുന്നു
മലിനജലത്തെ ശുദ്ധീകരിച്ച് ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നു
ഭൂമിയുടെ വൃക്കകൾ
പ്രകൃതിയുടെ വൃക്കകളെന്നാണു തണ്ണീർത്തടങ്ങളെ വിളിക്കുന്നത്.പുഴ, കുളം, തടാകം, കായൽ, അഴിമുഖം, ചതുപ്പ്, നെൽവയലുകൾ, കരിനിലങ്ങൾ എന്നിവയാണു സ്വാഭാവിക തണ്ണീർത്തടങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |