SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

സ്ത്രീ ശക്തി അവാർഡ് നിറവിൽ സ്വാലിഹ

Increase Font Size Decrease Font Size Print Page
photo-
അവാർഡ്

പഴയങ്ങാടി: സാഹസിക പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ ഇ. സ്വാലിഹക്ക് സംസ്ഥാന വനിതാ കമ്മിഷന്റെ സ്ത്രീ ശക്തി അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നൽകി വരുന്ന ഈ അവാർഡ് സമൂഹത്തിന് മാതൃകയായ സ്ത്രീകൾക്ക് നൽകി വരുന്നതാണ്.

എൽ.കെ.ജി ക്ലാസ്സ് കാലഘട്ടം മുതൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായ സ്വാലിഹ നാലാം വയസ്സിൽ തന്നെ നീന്തലും കയാക്കിംഗും പഠിച്ചു തുടങ്ങിയിരുന്നു. പുഴകളും ജലാശയങ്ങളും സംരക്ഷിക്കുക എന്ന സന്ദേശവുമായി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചൂട്ടാട് ബീച്ച് മുതൽ പഴയങ്ങാടി പുഴയിലൂടെ പ്രകൃതി സംരക്ഷണ ബോധവത്കരണ കയാക്കിംഗ് യാത്ര നടത്തിയിട്ടുണ്ട്. പയ്യന്നൂർ മുതൽ പഴയങ്ങാടി വരെ റോളർ സ്കേറ്റിംഗിൽ സഞ്ചരിച്ച് വൃക്ഷ തൈ നട്ടുപിടിപ്പിച്ച സ്വലിഹയ്ക്ക് നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡും സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരവും ലഭിക്കുകയുണ്ടായി. കൂടാതെ വുമൺ മാനിഫെസ്റ്റോ അവാർഡും, മറ്റ് നിരവധി അംഗീകാരങ്ങളും നേടിയ സ്വാലിഹ കേരളത്തിലെ അറിയപെടുന്ന 100 സ്ത്രീകളുടെ പട്ടികയിൽ ഇടം നേടിയ വിദ്യാർത്ഥിയാണ്.

നീന്തൽ മത്സരങ്ങളിലും നിരവധി നേട്ടങ്ങൾ കൈവരിച്ച സ്വാലിഹ പ്രകൃതി സംരക്ഷണ ബോധവത്കരണവുമായി പയ്യന്നൂർ മുതൽ പാലക്കോട് വരെ പത്ത് കിലോമീറ്റർ നിന്തിയിരുന്നു. മാടായി പഞ്ചായത്തിലെ നാലു കിലോമീറ്റർ നീളമുള്ള സുൽത്താൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ തോടിന്റെ ഒരറ്റം മുതൽ മറ്റേഅറ്റം വരെയും നീന്തിയിട്ടുണ്ട്. നിരവധി തവണ പുഴ മലിനീകരണത്തിനെതിരെ പ്രവർത്തിച്ചത് കൂടാതെ ഏഴോം കൊട്ടിലയിലെ പുഴ ശുചീകരണത്തിലും പ്രത്യേക പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കയാക്കിംഗ് മത്സരത്തിൽ മെഡലുകൾ നേടിയ സ്വാലിഹ 2025 ൽ കോഴിക്കോട് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിൽ നാലാം സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 28ന് ബേപ്പൂരിൽ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായി നടന്ന കയാക്കിംഗ് മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ ഡബിൾസിലും, സിംഗിൾസിലും സ്വാലിഹക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

ഏഴോം കൊട്ടിലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ ഏണ്ടിയിൽ റഫീഖിന്റെയും കെ.വി ജാസ്മിന്റെയും മൂന്നു മക്കളിൽ മൂത്തവളമാണ് സ്വാലിഹ. സ്വാലിഹയിൽനിന്നും പ്രചോദനം ഉൾകൊണ്ട് സ്വാലിഹയുടെ ശിക്ഷണത്തിൽ കയാക്കിംഗ് പരിശീലിച്ച ഉമ്മ ജാസ്മീനും അനുജത്തി പത്താംക്ലാസ് കാരി സമീഹയും ബേപ്പൂരിൽ നടന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിൽ സ്വാലിഹയോടൊപ്പം മെഡലുകൾ നേടിയിരുന്നു. എറണാകുളം ഇന്ദിരാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബി.എസ്‌സി സൈബർ ഫോറൻസിക് വിദ്യാർത്ഥിനിയാണ് സ്വാലിഹ.

TAGS: LOCAL NEWS, KASARGOD, STHREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY