കൊല്ലം: കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത് ചെയ്യുമെന്ന് മന്ത്രി പി.രാജീവ്. 2022ൽ വിരമിച്ച തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി വിതരണം കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കശുഅണ്ടി വികസന കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് വിരമിക്കലിനൊപ്പം ഗ്രാറ്റുവിറ്റി നൽകുന്നത്. 2011 മുതൽ 2021 വരെ സേവനത്തിൽ നിന്ന് വിരമിച്ച മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ 84 കോടി രൂപയാണ് അനുവദിച്ചത്.
തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ കശുഅണ്ടി വ്യവസായ മേഖലയ്ക്ക് സർക്കാർ 37 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിൽ തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ തുടങ്ങി ക്ഷേമഫണ്ടിലേക്ക് 20 കോടിയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന് അഞ്ചു കോടിയും ഷെല്ലിംഗ് ആധുനികവത്ക്കരണത്തിന് അഞ്ചു കോടിയും ഉപയോഗിക്കുമെന്നും അദേഹം പറഞ്ഞു.
'മികവ് 2022' പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ തൊഴിലാളികളുടെ മക്കൾക്കുള്ള കാഷ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്തു.
'ദിശ' പദ്ധതിയിലൂടെ എസ്.എസ്.എൽ.സി തുല്യതാ പരീക്ഷ വിജയിച്ച തൊഴിലാളികൾക്ക് മേയർ പ്രസന്ന ഏണസ്റ്റ് ഉപഹാരം നൽകി. 'കനിവ്' പദ്ധതിയുടെ ഭാഗമായി രോഗബാധിതർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷനായി. എം.ഡി ഡോ. രാജേഷ് രാമകൃഷ്ണൻ, ഡിവിഷൻ കൗൺസിലർ കൃപ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |