കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുർപാലീയം പദ്ധതിയുടെ പത്തനാപുരം ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം അനന്തു പിള്ള നിർവഹിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി അദ്ധ്യക്ഷയായി.
പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികൾക്ക് ഭവന സന്ദർശനത്തിലൂടെ മികച്ച ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന 6 ഗ്രാമപഞ്ചായത്തുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ഒരു ഡോക്ടർ, നഴ്സ്, തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഇതിന് വേണ്ടി നിയമിച്ചിട്ടുള്ളത്. വാഹന സൗകര്യവും സജ്ജമാക്കായിട്ടുണ്ട്.
അർഹതയുളളവർക്ക് സൗജന്യ ആയുർവേദ പാലിയേറ്റീവ് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് വേണ്ടി 72 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടതിൽ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് ഔഷധ വിതരണം നടത്തി. വാഹനത്തിന്റെ ഫ്ലാഗ് ഒഫ് ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി നിർവഹിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ഷാനവാസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സുലോചന, പട്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെയ്ൻ ജോയ്, ബ്ലോക്ക് മെമ്പർ ശുഭാകുമാരി, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ആയുർപാലീയം പത്തനാപുരം ബ്ലോക്ക് ചെയർമാൻ ഡോ.എ.അഭിലാഷ് സ്വാഗതവും, കൺവീനർ ഡോ.സുജ കെ.ജോൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |