കൊല്ലം: ദേശീയ ജലപാത കടന്നുപോകുന്ന കൊല്ലം തോടിന്റെ മൂന്നാം റീച്ച് നിർമ്മാണം വീണ്ടും മുടങ്ങി. സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി നീക്കിയ മണ്ണ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് മൂന്നാഴ്ചയായി ജോലികൾക്ക് തടസമായത്. ഏതാണ്ട് 5000 മീറ്റർ ക്യൂബ് മണ്ണാണ് ഇവിടെ നിന്ന് നീക്കേണ്ടത്. രണ്ടാം റീച്ചിന്റെ നിർമ്മാണ ഘട്ടത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച്, നീക്കം ചെയ്ത മണൽ ഇരവിപുരം മുതൽ കച്ചിക്കടവ് വരെ കടലിനോട് ചേർന്നുള്ള പാതയോരത്ത് നിക്ഷേപിക്കുകയായിരുന്നു. മൂന്നാം റീച്ചിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ മണ്ണ് താമരക്കുളത്ത് കൊല്ലം ഡവലപ്പമെന്റ് അതോറിട്ടിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് നിക്ഷേപിക്കാൻ ചീഫ് ടെക്നിക്കൽ എക്‌സാമിനർ നിർദേശിച്ചു. ഇത് സംബന്ധിച്ച നടപടികൾ വൈകിയതും പാസ് ലഭിക്കുന്നതിനുണ്ടായ കാലതാമസവും കാരണം ജോലികൾ തടസപ്പെടുകയായിരുന്നു.
മൂന്നാം റീച്ചിൽ
കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെ 1.8 കിലോമീറ്റർ ദൂരം വരുന്ന മൂന്നാം റീച്ചിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണമാണ് നടന്നു കൊണ്ടിരുന്നത് . ഇവിടെ 350 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. ജോലികൾ പുതുതായി കരാറെടുത്തയാൾ 300 മീറ്ററോളം കരിങ്കൽ കെട്ട് പൂർത്തിയാക്കിയിരുന്നു. 200 മീറ്ററോളം ദുരത്തെ കരിങ്കൽ കെട്ടാണ് ഇനി ബാക്കിയുളളത്. 2.80 മീറ്റർ ഉയരത്തിലാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്.
...........................................
''പാസ് ലഭിച്ചാലുടൻ മണ്ണ് നീക്കുന്ന ജോലികൾ ആരംഭിക്കും. തടസപ്പെട്ട ജോലികൾ ഉടൻ പുനരാരംഭിക്കും ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |