കൽപ്പറ്റ: ഇതുപോലൊരു ഡിസംബറിൽ ആയിരുന്നു വയനാടിനെ നടുക്കിയ വാർത്ത പുറത്തുവന്നത്. പുൽപ്പള്ളിക്ക് അടുത്ത വാകേരി മൂടക്കൊല്ലിയിലെ പ്രജീഷിനെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ച സംഭവം. കൃത്യമായി പറഞ്ഞാൽ 2023 ഡിസംബർ 9ന്. തൊട്ടടുത്ത വർഷവും കടുവ ആക്രമണം ആവർത്തിച്ചു. അന്ന് കടുവയ്ക്ക് ഇരയായത് പഞ്ചാരക്കൊല്ലിയിലെ രാധ. കഴിഞ്ഞവർഷം ജനുവരിയിൽ ആയിരുന്നു കടുവയുടെ ആക്രമണം. കടുവാ കലി അവിടെ അവസാനിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ വീണ്ടും വയനാടിനെ നടുക്കി പുൽപ്പള്ളിയിൽ നിന്നും മറ്റൊരു കടുവ ആക്രമണം കൂടി. കാപ്പി സെറ്റ് ദേവർഗദ്ധ ഉന്നതിയിലെ മാരൻ ( കൂമൻ) 65 ആണ് ഇന്നലെ കടുവയുടെ ആക്രമണത്തിനിരയായി മരണപ്പെട്ടത്. വിറക് ശേഖരിക്കാൻ പോയ കൂമനെ കന്നാരം പുഴയോരത്ത് കടുവ ആക്രമിക്കുകയായിരുന്നു. പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടശേഷം ഇനിയൊരു കടുവ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകുമെന്നായിരുന്നു വനം വകുപ്പ് നൽകിയ ഉറപ്പ്. എന്നാൽ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. കടുവയുടെ പ്രചനന കാലത്തിന്റെ തുടക്കത്തിൽ തന്നെ വയനാട്ടിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി മറ്റൊരു കടുവ ജനവാസമേഖലയിൽ ഇറങ്ങിയത്. രണ്ടുദിവസത്തിന് ശേഷമാണ് കടുവ കാടുകയറിയത്. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിപ്പോയത്.
ഇതിന് പിന്നാലെയാണ് കിലോമീറ്ററുകൾ മാത്രം അകലെ പുൽപ്പള്ളിയിൽ കടുവ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി കടുവ ജനവാസമേഖലയിൽ ഇറങ്ങിയിട്ടുണ്ട്. കടുവയുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി. വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് കടുവയെപേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഉള്ളത്. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ കടുവകളാണ് നിലവിലുള്ളത്. പ്രജനനകാലത്താണ് കടുവകൾ പരസ്പരം ഏറ്റുമുട്ടുകയും ഏറ്റുമുട്ടലിൽ പുറത്താക്കപ്പെടുന്ന കടുവ കാടുവിട്ട് ജനവാസമേഖലയിൽ ഇറങ്ങുകയും ചെയ്യുന്നത്. ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമേ മനുഷ്യർക്ക് നേരെയുള്ള ആക്രമണം തടയാൻ കഴിയുകയുള്ളൂ. പുൽപ്പള്ളിയിൽ തന്നെ ഏതാനും വർഷങ്ങൾക്കു മുൻപാണ് ബസവൻ എന്ന കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ, മെയ് വരെ നീണ്ടുനിൽക്കുന്ന കടുവയുടെ പ്രജനനകാലത്ത് ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാം എന്നാണ് നിഗമനം. പ്രജനകാലത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനം വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ജനവാസമേഖലയിൽ ഇറങ്ങി ആക്രമണം നടത്തുന്ന കടുവകളെ എങ്ങനെ തടയാൻ ആകുമെന്നാണ് നാട്ടുകാർചോദിക്കുന്നത്. വന്യമൃഗ ആക്രമണങ്ങൾ ജില്ലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ ജില്ലയിൽ പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |