കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിടുന്ന ജില്ലാ പഞ്ചായത്തിന്റെ ആർദ്രതീരം പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാവുന്നു. ജില്ലയുടെ ഏതെങ്കിലും പ്രദേശത്ത് 10 ഏക്കറിലധികം ഭൂമി കണ്ടെത്തി വില്ലകൾ ഒരുക്കി പുനരധിവാസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കളെയും താമസിപ്പിച്ച് അവർക്ക് പഠനത്തിനും തൊഴിൽ പരിശീലനത്തിനും വിനോദത്തിനും സൗകര്യം ഒരുക്കും. ബഡ്സ് സ്കൂളുകൾ ഫലപ്രദമല്ലാത്തതിനാൽ പൊതു വിദ്യാലയങ്ങളിൽ അവരെ പഠിപ്പിക്കും. കൂടാതെ ആരോഗ്യ സംരക്ഷണത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കും. സാമ്പത്തിക ഭദ്രത
ഉള്ളവരിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിയും മറ്റുള്ളവർക്ക് സൗജന്യമായിട്ടാവും സൗകര്യങ്ങൾ ഒരുക്കുക. ആദ്യ ഘട്ടത്തിൽ ഓട്ടിസം ബാധിതരുടെ കുടുംബങ്ങളുടെ പുനരധിവാസം മാത്രമായിരുന്നു ലക്ഷ്യമിട്ടതെങ്കിൽ പിന്നീട് കൂടുതൽ ആളുകളുടെ താത്പര്യപ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി പദ്ധതി മാറ്റുകയായിരുന്നു. ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്.
ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകി. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പ്രവർത്തനങ്ങളിലേക്ക് പ്രവേശിക്കും.
ഡോ. പി.കെ. ഗോപൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |