ഇന്നലെ പൂർത്തിയായത് 63 മത്സരങ്ങൾ
കൊല്ലം: കായികമേഖലയ്ക്ക് ഏറ്റവും അധികം പ്രാധാന്യം നൽകിയ സർക്കാരാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ആശ്രാമത്ത് നടക്കുന്ന 68-ാമത് ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കായിക മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരുന്നുണ്ട്. കായികമേഖലയ്ക്ക് ഊന്നൽ കൊടുക്കാനും പുതിയ താരങ്ങളെ വളർത്തിയെടുക്കാനും സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി.
ഇന്നലെ 10 വയസിൽ തഴെ, 14 വയസിന് താഴെ, 16 വയസിന് താഴെ , 18വയസിന് താഴെ, 20വയസിന് താഴെ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4x100 മീറ്റർ റിലേ, ജാവലിൻത്രോ, ലോംഗ്ജംബ്, ഷോട്ട്പുട്ട്, ഹൈജംബ് , 200മീറ്റർ, 1000 മീറ്റർ, 1500 മീറ്റർ ഓട്ടം എന്നിവയുൾപ്പടെ 63 ഇനങ്ങളിലാണ് മത്സരം നടന്നത്. അത്‌ലറ്റിക് മീറ്റിൽ 14 വിഭാഗങ്ങളിലായി 137 ഇനങ്ങളിലാണ് ആകെ മത്സരം. സ്‌കൂളുകൾക്ക് പുറമേ ക്ലബുകളെ പ്രതിനിധീകരിച്ചുള്ള താരങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാമെന്നതാണ് മീറ്റിന്റെ പ്രത്യേകത. 3500 കായികതാരങ്ങളാണ് മീറ്റിൽ മാറ്റുരയക്കുന്നത്. ഫ്‌ളഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ രാത്രി എട്ട് വരെയാണ് മത്സരങ്ങൾ.
ഓവറാൾ ചാമ്പ്യന്മാരാകുന്നവർക്ക് ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് മഹാലക്ഷ്മി സുധീറിന്റെ പേരിലുളള ട്രോഫിയും പുരുഷ വിഭാഗത്തിലെ ചാമ്പ്യന്മാർക്ക് വിശ്വനാഥൻ മെമ്മോറിയൽ ട്രോഫിയും വനിതാവിഭാഗത്തിൽ ടെസി ടി.ഫെർണാണ്ടസ് മെമ്മോറിയൽ ട്രോഫിയും നൽകും. ഓരോ വിഭാഗത്തിലെയും ഏറ്റവും മികച്ച കായികതാരത്തിന് 10,000 രൂപ വീതം ക്യാഷ് അവാർഡും നൽകും. ഒക്‌ടോബർ 2ന് മേവറത്തെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അത്‌ലറ്റിക്‌സ് അവർഡ് നെറ്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ കായികതാരങ്ങളെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |