നെയ്യാറ്റിൻകര: മദ്യപിച്ച് ഓട്ടോഓടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. മണക്കാട് ആറ്റുകാൽ പുത്തൻ കോട്ടയ്ക്ക് സമീപം ടിസി.22/295 - ൽ ആറ്റുവരമ്പിൽ വീട്ടിൽ ശ്രീകണ്ഠൻ നായർ(58) ഓടിച്ച ഓട്ടോറിക്ഷയിടിച്ച് നേമം ടി.സി 52/2147 കൈലാസം വീട്ടിൽ ബാലകൃഷ്ണൻ നായർ (71) മരിച്ച സംഭവത്തിലാണ് വിധി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറിന്റേതാണ് വിധി. നരഹത്യയ്ക്കും മദ്യപിച്ച് വാഹനം ഓടിച്ചതിനും മോട്ടോർ വാഹന നിയമത്തിൽ 185 വകുപ്പ് പ്രകാരമാണ് ശിക്ഷ. 2018 ജൂൺ 18നാണ് കേസിനാസ്‌പദമായ സംഭവം. നേമം പൊലീസ് സ്റ്റേഷനു മുൻവശത്ത് മറ്റ് രണ്ടുപേർക്കൊപ്പം റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബാലകൃഷ്ണൻ നായരുടെ ദേഹത്തേക്ക് മദ്യപിച്ച് അമിതവേഗത്തിലെത്തിയ ശ്രീകണ്ഠൻ നായർ ഓടിച്ച ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ നായർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കരമന -കളിയിക്കാവിള നാലുവരിപ്പാത നിലവിൽ വന്നശേഷമുള്ള ഇത്തരം ട്രാഫിക് കുറ്റങ്ങൾക്ക് ആദ്യമായാണ് ഇത്തരമൊരു ശിക്ഷാവിധി. 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. സി.ഐ ടി.അനിൽകുമാർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ, അഡ്വ.മഞ്ജിത എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |