SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.58 AM IST

ഓട്ടമി​ല്ല, ടാക്സി​ക്കാർ നെട്ടോട്ടത്തി​ൽ!

Increase Font Size Decrease Font Size Print Page
t
ചിന്നക്കട റസ്റ്റ് ഹൗസിനു സമീപത്തെ ടാക്സി സ്റ്റാൻഡ്

കള്ള ടാക്സികളും ഓൺലൈൻ ടാക്സികളും ഭീഷണി

കൊല്ലം: 'എത്ര ടാക്സി ഉണ്ടായിരുന്ന സ്റ്റാൻഡ് ആയിരുന്നെന്ന് അറിയാമോ? ഇന്ന് ചുരുങ്ങി വിരലിലെണ്ണാവുന്നതു മാത്രമായി. മുൻപൊക്കെ സ്ഥിരം ഓട്ടം കിട്ടുമായിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് ഒരു ഓട്ടം പോലും ലഭിക്കാതിരുന്ന ആഴ്ചകളുണ്ട്. നാലു ദിവസമായി ഇവിടെ ഇങ്ങനെ വന്ന് കിടപ്പാണ്. ഓട്ടമേയില്ല. വർഷങ്ങളായി വളയം പിടിക്കുന്നതാണ്. വേറെ പണിയൊന്നും അറിയുകയുമില്ല...'- ചിന്നക്കട റസ്റ്ര് ഹൗസിനു സമീപത്തെ ടാക്സി സ്റ്രാൻഡിലെ ഡ്രൈവർ നൗഷാദിന്റേതാണ് നിരാശ നിറഞ്ഞ ഈ വാക്കുകൾ.

മുൻപ് 36 ടാക്സിയാണ് ഈ സ്റ്റാൻഡിൽ നിന്ന് ഓട്ടം പോയിരുന്നത്. ഇപ്പോൾ 7 ടാക്സികൾ മാത്രം. കൊല്ലം റെയിൽവേ സ്റ്റേഷൻ, കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്, ശങ്കേഴ്സ് ആശുപത്രി, ജില്ലാ ആശുപത്രി, കളക്ടറേറ്റ്, ബെൻസിഗർ ആശുപത്രി, അമ്മച്ചിവീട് തുടങ്ങിയവയ്ക്ക് സമീപത്തുള്ള ടാക്സി സ്റ്റാൻഡുകളിലും സമാനമായ സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ ഓഫീസുകളിലേക്കും ബന്ധുവീടുകളിലേക്കും കൊണ്ടുപോയിരുന്ന ടാക്സികൾ ഇന്നിവിടെയില്ല. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടി. പ്രായമായവർ മാത്രമാണ് വല്ലപ്പോഴും ഓട്ടം വിളിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു

ടാക്സി മേഖലയിൽ ഇന്നുള്ളവരിൽ അധികവും 20 വർഷത്തിലേറെയായി ഈ പണിയെടുക്കുന്നവരാണ്. നിലവിൽ ജില്ലയിൽ ഓൺലൈൻ അല്ലാതെ 45,000 ഓളം ടാക്സികളാണുള്ളത്. ടാക്സിക്കാരിൽ കുറേപ്പേർ മറ്റ് തൊഴിലുകൾ തേടിപ്പോയി. യുവാക്കൾക്ക് ഡ്രൈവിംഗ് ഇഷ്ടമാണെങ്കിലും ടാക്സി ഡ്രൈവറാകാൻ പൊതുവേ ഇവരെ കിട്ടാറില്ല. വല്ലപ്പോഴും ഓട്ടം കിട്ടിയാൽത്തന്നെ ഇന്ധനം അടിച്ചും കാറുടമയ്ക്ക് കൊടുത്തും മിച്ചം ഒന്നും കാണാറുമില്ല.

ഓൺലൈൻ, കള്ള ടാക്സികൾ ഭീഷണി

സ്വകാര്യ വാഹനങ്ങളുടെ പെരുപ്പവും ഓൺലൈൻ, കള്ള ടാക്സികൾ വ്യാപകമായതുമാണ് പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമുണ്ടാക്കുന്നത്. അടിക്കടി ഡീസൽ വിലയിൽ വരുന്ന മാറ്റവും ഇൻഷ്വറൻസ് പ്രീമിയവും നികുതി ഇനത്തിൽ വന്ന വർദ്ധനവും ബുദ്ധിമുട്ടിക്കുന്നു. സർക്കാർ അംഗീകൃത നിരക്കും ഓൺലൈൻ നിരക്കും തമ്മിൽ നല്ല വ്യത്യാസം കാണിക്കുമ്പോൾ യാത്രക്കാർ സ്വാഭാവികമായും ഓൺലൈൻ ടാക്സിയെ ആശ്രയിക്കും. ഇതി​നാൽ, സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സേവനം നടത്തുന്ന ടാക്സി ഡ്രൈവർമാർ പട്ടിണിയിലാകും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ടാക്സ്, ഇൻഷ്വറൻസ് ഇനത്തിൽ നല്ലൊരു തുക പ്രതിവർഷം ചെലവാകുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. നിയമവിരുദ്ധമായി റെന്റ് എ കാറുകളുടെ ആധിപത്യവും നിരത്തുകളിൽ കൂടുതലായി​ട്ടുണ്ട്.

ടാക്‌സി ഡ്രൈവർമാരുടെ തൊഴിലിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയ കള്ള ടാക്‌സികൾ വലിയ തോതിലുള്ള നഷ്ടങ്ങളാണ് ഈ മേഖലയിൽ വരുത്തിവയ്ക്കുന്നത്. നിയമവിരുദ്ധ ടാക്‌സികൾ കണ്ടെത്താനും അവയ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണം

ശ്രീകാന്ത് ബാലകൃഷ്ണൻ, കൊല്ലം ജില്ല സെക്രട്ടറി , കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.