സി.പി.എം സംസ്ഥാന സമ്മേളനം: നഗരത്തെ പ്രകമ്പനം കൊള്ളിച്ച് വാക്കത്തോൺ
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളന വിളംബരമായി സംഘടിപ്പിച്ച വാക്കത്തോൺ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ഒളിമ്പ്യന്മാർ, അന്തർദ്ദേശീയ കായികതാരങ്ങൾ, പുതുതലമുറയിലെ താരങ്ങൾ എന്നിവർക്ക് പുറമേ നൂറുകണക്കിന് പൊതുജനങ്ങളും അണിനിരന്ന വാക്കത്തോൺ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.
എസ്.എൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടെയായിരുന്നു വാക്കത്തോണിന്റെ തുടക്കം. ബാൻഡ് മേളം, റോളർ സ്കേറ്റിംഗ് താരങ്ങൾ, ബുള്ളറ്റ് റൈഡേഴ്സ് എന്നിവരും അകമ്പടിയായി. ജില്ലാപഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ ഒളിമ്പ്യന്മാരെയും ദേശീയ - സംസ്ഥാന തലത്തിൽ മികവു തെളിയിച്ച മറ്റു കായിക പ്രതിഭകളെയും മന്ത്രി കെ.എൻ.ബാലഗോപാൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ്.സുദേവൻ അദ്ധ്യക്ഷനായി. ഒളിമ്പ്യൻ അനിൽ കുമാർ, മുൻ ഇന്ത്യൻ താരം കെ.അജയൻ, സ്പോർട്ട്സ് കമ്മിറ്റി കൺവീനർ ആർ.ബിജു, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
1500 അടി നീളമുള്ള ബാനർ
വാക്കത്തോണിലെ 1500 അടി നീളമുള്ള ബാനർ ശ്രദ്ധേയമായി. ലോക കായിക ഭൂപടത്തിൽ ഇടം പിടിച്ച കായികതാരങ്ങളുടെയും അവരുടെ വിജയഗാഥകളുടെയും ചിത്രങ്ങൾ പതിപ്പിച്ചതായിരുന്നു ബാനർ.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് 5ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്തിന് സമീപമാണ് സ്വാഗതസംഘം ഓഫീസ് ഒരുക്കിയിട്ടുള്ളത്. മാർച്ച് ആറ് മുതൽ ഒമ്പതു വരെയാണ് കൊല്ലത്ത് സമ്മേളനം നടക്കുന്നത്.