മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു: തൃക്കടവൂർ ശിവരാജുവിന് വിദഗ്ദ്ധ പരിശോധന
കൊല്ലം: അനാരോഗ്യമായിട്ടും വിശ്രമം നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദദ്ധസംഘം തൃക്കടവൂർ ശിവരാജുവിനെ പരിശോധിച്ചു.
ഏക്കത്തുകയിൽ വർദ്ധനയുണ്ടായതോടെ വിശ്രമം നൽകാതെ എല്ലായിടത്തും കൊണ്ടുപോയതോടെ കടവൂർ ശിവരാജുവിന്റെ ആരോഗ്യസ്ഥിതി മോശമായി. തണ്ണിമത്തനും മറ്റും അമിതമായി കഴിച്ചതോടെ ഒരാഴ്ചയോളം ദഹനക്കേടും ഉണ്ടായി. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ശിവരാജു ആന ചികിത്സയിലാണ്.
കടവൂർ ക്ഷേത്രത്തിലെ കരക്കാരുടെ എഴുന്നള്ളത്തിന് പോലും ആനയെ പങ്കെടുപ്പിച്ചിരുന്നില്ല. പിന്നീട് പരിശോധിച്ച സ്വകാര്യ ഡോക്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് ഞായറാഴ്ച രാത്രി പാറശാലയിലെ എഴുന്നെള്ളത്തിന് കൊണ്ടുപോകുന്നത് നാട്ടുകാരും ആനപ്രേമികളും ചേർന്ന് തടയുകയായിരുന്നു.
ഇന്നലെ രാവിലെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലെത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജോ. ഡയറക്ടറുടെ നേതൃത്വത്തിൽ ആനയെ പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 ഓടെ ക്ഷേത്രത്തിലെത്തിയ സംഘം ആനയുടെ രക്തസാമ്പിളും എരണ്ടവും ശേഖരിച്ചു. ഇത് ജില്ലാ വെറ്ററിനറി കേന്ദ്രം ലബോറട്ടറിയിൽ വിശദപരിശോധനയ്ക്ക് വിധേയമാക്കി.
മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഡി.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഷീബ.പി.ബേബി, സീനിയർ വെറ്ററിനറി സർജൻ ഡോ.സജിത് സാം, ബി.സോജ, ആര്യ സുലോചനൻ, വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. സിബി, എസ്.പി.സി.എ ഇൻസ്പെക്ടർ റിജു എന്നിവരുൾപ്പെട്ട സംഘമാണ് ആനയെ പരിശോധിച്ചത്.
ആനയ്ക്ക് നിർജ്ജലീകരണം
ആനയ്ക്ക് നിർജ്ജലീകരണം നേരിട്ടതായി പ്രാഥമിക പരിശോധനയിൽ വിലയിരുത്തി ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ലബോറട്ടറി പരിശോധനകൾ തീരുന്ന മുറയ്ക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകും. ആനയുടെ വിരൽ നഖത്തിലും പാദങ്ങളിലും ഉണ്ടായ പൊട്ടലുകൾക്ക് പരിഹാരം നിർദ്ദേശിച്ചാണ് സംഘം മടങ്ങിയത്.