എഴുകോൺ: പുനലൂർ-കന്യാകുമാരി പാസഞ്ചറിന്റെ പതിവ് വൈകിയോട്ടം യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ അരമണിക്കൂറിലധികം വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. വെകിട്ടുള്ള മടക്കയാത്രയിൽ മുക്കാൽ മണിക്കൂറോളമാണ് വൈകുന്നത്. കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലെത്തി ഉൾഗ്രാമങ്ങളിലേക്ക് പോകേണ്ടവരാണ് ഇതിലെ സ്ഥിരം യാത്രക്കാർ.
രാവിലെ കൊല്ലം സ്റ്റേഷന്റെ ഔട്ടറിൽ സ്ഥിരമായി പിടിച്ചിടുകയാണ്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് കൃത്യസമയത്ത് ഓടിയെത്തിയാലും ഇതാണ് സ്ഥിതി. രാവിലെ 7.48 ആണ് ട്രെയിനിന്റെ കൊല്ലത്തെ സമയം. പതിവായി 7.40ന് തന്നെ ഔട്ടറിലെത്താറുണ്ട്. പ്ലാറ്റ്ഫോമിലേക്കുള്ള സിഗ്നൽ ലഭിക്കാതെ അര മണിക്കൂറിലേറെയാണ് ഇവിടെ നിറുത്തിയിടുന്നത്. ഇതിനിടെ തിരുവനന്തപുരത്തേക്കുള്ള മറ്റ് മൂന്ന് ട്രെയിനുകൾ കടന്നുപോകും. ഇതിന് ശേഷമേ ഈ ട്രെയിനിന് സിഗ്നൽ കിട്ടൂ.
9.20 ആണ് തിരുവനന്തപുരത്ത് എത്തേണ്ടത്. കൊല്ലത്ത് പതിവായി വൈകുന്നതിനാൽ പത്ത് മണിയോട് അടുപ്പിച്ചേ ഇവിടെ എത്താറുള്ളു. ഇത് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ യാത്രക്കാർക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൊല്ലത്ത് ഔട്ടറിൽ അരമണിക്കൂറിലധികം പിടിച്ചിടുന്നത് പുനലൂർ, കൊട്ടാരക്കര, എഴുകോൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൊല്ലത്തേക്ക് എത്തുന്നവരെയും വലയ്ക്കുന്നുണ്ട്.
വൈകിട്ട് കന്യാകുമാരിയിൽ നിന്ന് വൈകിയാണ് പുറപ്പെടാറ്. 5.35നാണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്ര. ഇത് കഴിഞ്ഞ കുറച്ച് നാളുകളായി 15 മിനിറ്റോളം വൈകാറുണ്ട്. വർക്കല ശിവഗിരി സ്റ്റേഷനിൽ എത്തുമ്പോഴേക്കും ഇത് 45 മിനിറ്റായി ഉയരും. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുള്ള വഞ്ചിനാട് എക്സ്‌പ്രസ് പുനലൂർ പാസഞ്ചറിന് മുമ്പ് കടത്തി വിടുന്നതും വൈകലിന് ഒരു കാരണമാണ്.
മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടുന്നു
എറണാകുളം ഭാഗത്ത് നിന്ന് പതിവായി വൈകിയെത്തുന്ന ട്രെയിനുകൾക്ക് വേണ്ടിയാണ് പുനലൂർ-കന്യാകുമാരി പാസഞ്ചർ രാവിലെ കൊല്ലത്ത് പിടിച്ചിടുന്നത്
വൈകിട്ട് വഞ്ചിനാടിന് പിന്നാലെയുള്ള ഓട്ടമാണ് കൃത്യ സമയം പാലിക്കാനുള്ള തടസം
ഇത് ക്രമീകരിച്ച് ട്രെയിൻ കൃത്യസമയത്ത് കടത്തിവിട്ടാൽ യാത്രക്കാർക്ക് ഉപകാരപ്പെടും
ഗ്രാമീണ മേഖലയിലെ യാത്രക്കാരാണ് ട്രെയിനിനെ പൂർണമായും ആശ്രയിക്കുന്നത്
കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പരവൂർ, വർക്കല ശിവഗിരി, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്
കുറഞ്ഞ സ്റ്റോപ്പുകളുള്ള ട്രെയിൻ എന്ന നിലയിൽ തുടക്കത്തിൽ ഏറെ യാത്രക്കാർ ആശ്രയിച്ചിരുന്നു. വൈകിയോട്ടം പതിവായതോടെ സ്ഥിരം യാത്രക്കാർ സർവീസിനെ ഉപേക്ഷിക്കുന്ന നിലയാണ്.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |