കൊല്ലം: കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച റഷ്യൻ യുവാവ് പിടിയിൽ. ഇലിയ ഇക്കിമോയാണ് (27) രക്ഷപ്പെടുന്നതിനിടെ കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 28ന് രാവിലെ 11.30നാണ് സംഭവം. നിയമവിരുദ്ധമായി നാട്ടിൽ തങ്ങുന്നതിന് അറസ്റ്റിലാവുകയും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ശേഷം കാലാവധി കഴിഞ്ഞ വിദേശീയരെ നാട്ടിലേക്ക് മടക്കിയയയ്ക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനുവേണ്ടി സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ട്രാൻസിസ്റ്റ് ഹോമിൽ നിന്നാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ട്രാൻസിറ്റ് ഹോമിന്റെ ടോയ്‌ലെറ്റിന് സമീപത്തുള്ള പത്ത് അടിയിൽ കൂടുതൽ പൊക്കമുള്ള വലിയ മതിൽ ചാടി അടുത്തുള്ള മരത്തിൽ കയറി കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സി.സി ടി.വിയിലൂടെ കണ്ട ട്രാൻസിറ്റ് ഫോമിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ടു. പിന്നീട് കൊട്ടിയം പൊലീസിന്റെ സഹായത്തോടെ മിനിറ്റുകൾക്കുള്ളിൽ ഉമയനല്ലൂർ പട്ടരുമുക്കിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.
2024ൽ എറണാകുളം മുളവക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇലിയ. 2024 ൽ സന്ദർശന വിസയിൽ കേരളത്തിലെത്തിയ ഇയാൾ മടങ്ങിപ്പോകാൻ കഴിയാതെ നിൽക്കുന്ന സമയത്ത് അനധികൃതമായി പോർട്ടിൽ നിന്ന് കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഈ കേസിൽ വിചാരണ നേരിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |