ക്ലാപ്പന: തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് പഠിക്കുന്ന സ്കൂളിലേക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാത്രം വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് ക്ലാപ്പന സെന്റ് ജോസഫ് യു.പി സ്കൂളിലെ നാലാം ക്ലാസുകാരൻ സിദ്ധിവിനായക്.ക്ലാപ്പന ഇ.എം.എസ് സ്മാരക ലൈബ്രറിയിലെ വായന പക്ഷാചരണത്തോടനുബന്ധിച്ച്, മലയാള ഭാഷയിൽ പ്രാവീണ്യം തെളിയിച്ച എൽ.പി തലത്തിലെ 5 വിദ്യാർത്ഥികൾക്ക് നൽകുന്ന നടയിലയ്യത്ത് കുമാരി അജയകുമാരി സ്മാരക എൻഡോവ്മെന്റ് സിദ്ധിവിനായകിന് ലഭിച്ചിരുന്നു. ക്ലാപ്പന കിഴക്ക് പോറ്റിവീട്ടിൽ സജിത്തിന്റെയും പത്തനംതിട്ട കരുവാറ്റ ഗവ. മോഡൽ സ്കൂളിലെ അദ്ധ്യാപിക ഹനാൻ ബാബുവിന്റെയും മകനാണ് സിദ്ധിവിനായക്.
കൃഷി, കല, ബുദ്ധിസാമർത്ഥ്യം, സാഹിത്യം എന്നിവയിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള കേരളസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരവും സിദ്ധിവിനായകിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ക്ലാപ്പന കൃഷിഭവൻ മികച്ച കുട്ടിക്കർഷകനുള്ള അവാർഡും നൽകി ഈ മിടുക്കനെ ആദരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |