കൊല്ലം: ജീവനക്കാർ അടക്കമുള്ള സ്ഥിരം യാത്രക്കാരെ വെട്ടിലാക്കി ശബരി എക്സ്‌പ്രസ് സൂപ്പർ ഫാസ്റ്റാക്കി. സാധാരണ സീസൺ ടിക്കറ്റ് യാത്രക്കാർ സൂപ്പർഫാസ്റ്റ് നിരക്കിന് ആനുപാതികമായ സപ്ലിമെന്ററി ടിക്കറ്റോ സൂപ്പർഫാസ്റ്റ് സീസൺ ടിക്കറ്റോ എടുത്താൽ മാത്രമേ ഇനി ഈ ട്രെയിനിൽ കയറാനാകൂ.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.51ന് കൊല്ലത്ത് എത്തുന്ന ശബരിയെ കോട്ടയം ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് ആശ്രയിച്ചിരുന്നത്. മാവേലിക്കര മുതൽ കോട്ടയം വരെയുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ശബരിയിൽ കയറിയാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താമായിരുന്നു.
സൂപ്പർ ഫാസ്റ്റായി ഉയർത്തിയതോടെ സ്ഥിരം യാത്രക്കാർക്ക് ഈ ട്രെയിനിൽ കയറാൻ കഴിയാത്ത അവസ്ഥയായിരിക്കുകയാണ്. വൈകിട്ട് എറണാകുളം ഭാഗത്ത് നിന്ന് 4.5നാണ് കൊല്ലത്ത് എത്തിയിരുന്നത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ തിരുവനന്തപുരം ഭാഗത്തേക്ക് മടങ്ങാനും ഈ ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്.
റിസർവ്ഡ് കോച്ചുകൾ വെട്ടിക്കുറച്ചു
നേരത്തെ സീസൺ ടിക്കറ്റുകാർക്ക് കയറാവുന്ന മൂന്ന് റിസർവ്ഡ് കോച്ചുകൾ
ഇപ്പോൾ വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ പലപ്പോഴും റിസർവ്ഡ് കോച്ച് കാണില്ല
രാവിലെ എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ ചിലപ്പോൾ ഒരു റിസർവ്ഡ് കോച്ച്
സ്റ്റോപ്പുകൾ കുറയ്ക്കുമെന്ന് ആശങ്ക
സൂപ്പർഫാസ്റ്റായതോടെ വേഗത വർദ്ധിപ്പിക്കാൻ ഘട്ടം ഘട്ടമായി ശബരിയുടെ സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുമെന്നും ആശങ്കയുണ്ട്. ഇതോടെ സപ്ലിമെന്ററി ടിക്കറ്റ് എടുത്താലും വലിയൊരുഭാഗം സീസൺ ടിക്കറ്റുകാർക്കും പ്രയോജനമില്ലാത്ത അവസ്ഥയാകും.
ശബരി എക്സ്‌പ്രസ് സൂപ്പർഫാസ്റ്റാക്കിയത് സ്ഥിരം യാത്രക്കാരോടുള്ള ദ്രോഹമാണ്. സീസൺ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര റെയിൽവേ തന്ത്രപൂർവം കുറയ്ക്കുകയാണ്.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |