കൊല്ലം: മുൻവിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായിൽ. ഇടവ വെൺകുളം പുല്ലൂർവിള വീട്ടിൽമുഹമ്മദ് ഷാ (26), ആദിച്ചനല്ലൂർ വെളിച്ചിക്കാല ഉണ്ണിഭവനിൽ ഉണ്ണിലാൽ (39) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി കിഷോറിനെയും സുഹൃത്ത് വിശാഖിനേയുമാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിശാഖും പ്രതികളും തമ്മിൽ മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആദിച്ചനല്ലൂർ ജംഗ്ഷന് സമീപത്ത് വച്ച് കിഷോറും വിശാഖും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിറുത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിശാഖിന്റെ മുതുകിൽ കുത്തേൽക്കുകയും കിഷോറിന്റെ തലയിലും ചെവിയിലും വെട്ടേറ്റ് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ചാത്തന്നൂർ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണം ഉൽപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഷാ. ഉണ്ണിലാലിനെതിരെയും സമാനമായ കുറ്റകൃത്യങ്ങൾക്ക് മുമ്പും ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ശേഷം ഒളിവിൽ പോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ പൊലീസ് സംഘം ദ്രുതഗതിയിൽ ഇവരെ പിടികൂടുകയായിരുന്നു. ചാത്തന്നൂർ സബ് ഇൻസ്‌പെക്ടർ ബിജുബാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജി, രാജേഷ്, എ.എസ്.ഐ സജി, സി.പി.ഒമാരായ കണ്ണൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |