കൊല്ലം: ദാരിദ്ര്യനിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിനരികിലേക്ക് അവസാനവട്ട ചുവട് വച്ച് ജില്ല. ജില്ലയിൽ അതിദാരിദ്ര്യ നിർമ്മാർജ്ജനം പദ്ധതിയിൽ (ഇ.പി.ഇ.പി) ഉൾപ്പെട്ട 3,786 കുടുംബങ്ങളിൽ 3,606 എണ്ണം ഇതിനോടകം അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായി.
അടുത്തമാസം ജില്ലയെ ദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം. ആലപ്പാട്, എഴുകോൺ, ഇട്ടിവ, കരവാളൂർ, കരീപ്ര, പട്ടാഴി വടക്കേക്കര, പോരുവഴി, തൃക്കരുവ, നീണ്ടകര, ചാത്തന്നൂർ തുടങ്ങിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായി തദ്ദേശതലത്തിൽ പ്രഖ്യാപനവും നടത്തി. ഭക്ഷണം, ആരോഗ്യം, സാമൂഹികസുരക്ഷ (പാർപ്പിടം), ഉപജീവനത്തിനുള്ള അടിസ്ഥാനവരുമാനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
ഓരോ വ്യക്തിക്കും കുടുംബത്തിനും അനുയോജ്യമായ മൈക്രോപ്ലാനുകൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ആവിഷ്‌കരിച്ചു. കടത്തിണ്ണകളിലും വഴിയരികുകളിലും അന്തിയുറങ്ങുന്നവർ, ഒറ്റയ്ക്കായവർ ഉൾപ്പടെ ഭൂഭവനരഹിതരായ 270 കുടുംബങ്ങളിൽ 132 എണ്ണത്തിന് ഭൂമിയും വീടും ലഭ്യമാക്കി. 138 കുടുംബങ്ങളുടെ ഭവന നിർമ്മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ഭൂമി ഉണ്ടായിട്ടും ഭവനം ഇല്ലാത്ത 264 കുടുംബങ്ങളിൽ 212 പേർക്ക് ഭവനം പൂർത്തീകരിച്ചു. 52 എണ്ണം നിർമ്മാണപുരോഗതിയിലാണ്. 282 കുടുംബങ്ങളിൽ ഭവന പുനരുദ്ധാരണം ആവശ്യമായ 221 എണ്ണം പൂർത്തീകരിച്ചു. 61 എണ്ണം പുരോഗതിയിലാണ്. കളക്ടറുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസ് മുഖേനയാണ് നിർവഹണം.
ഭക്ഷണവും മരുന്നും ഉറപ്പാക്കി
ഭക്ഷണം പാകംചെയ്ത് കഴിക്കാൻ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി
അല്ലാത്തവർക്ക് കുടുംബശ്രീ, ജനകീയ ഹോട്ടൽ വഴി ഭക്ഷണം ഉറപ്പാക്കി
ചികിത്സയും മരുന്നും ആവശ്യമായ 2,072 കുടുംബങ്ങൾക്ക് സൗജന്യമായി നൽകി
345 കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് കെയർ സേവനം നൽകിവരുന്നു.
32 കുടുംബങ്ങൾക്ക് വീൽചെയർ, വാട്ടർബെഡ് തുടങ്ങിയ അവശ്യസഹായ ഉപകരണങ്ങൾ നൽകി
പാകംചെയ്ത ഭക്ഷണം നൽകുന്നത്
219 കുടുംബങ്ങൾക്ക്
ഭക്ഷണക്കിറ്ര്
1,926 കുടുംബങ്ങൾക്ക്
ഉപജീവനമാർഗം ഒരുക്കി
ഉപജീവന മാർഗമോ സ്ഥിര വരുമാനമോ ഇല്ലാത്ത 292 കുടുംബങ്ങൾക്ക് കുട, അച്ചാർ നിർമ്മാണസഹായം, പെട്ടിക്കടകൾ, ലോട്ടറി കച്ചവടം എന്നീ ഉപജീവന മാർഗങ്ങളും ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നൽകി. അതിദരിദ്ര കുടുംബങ്ങൾക്ക് ആരോഗ്യ കാർഡ്, ഇ.പി.ഇ.പി കാർഡ്, സൗജന്യ യാത്രാപാസ് എന്നിവയും ലഭ്യമാക്കി. കുട്ടികൾക്ക് സൗജന്യമായി സ്‌കൂൾബാഗും പഠനോപകരണങ്ങളും നൽകി വിദ്യാഭ്യാസം ഉറപ്പാക്കി.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ (ഇ.പി.ഇ.പി) ജില്ല 95 ശതമാനവും പൂർത്തിയാക്കി. ലയൺസ് ക്ലബ് പോലെയുള്ള സംഘടനകളുടെ സഹകരണവും തദ്ദേശ സ്ഥാപനങ്ങളിലൂടെ സി.എസ്.ആർ ഫണ്ടിന്റെ ലഭ്യതയും ലക്ഷ്യം കൈവരിക്കാൻ സഹായിച്ചു.
പ്രൊജക്ട് ഡയറക്ടർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |