കൊല്ലം: നാടകം തുടങ്ങി കഷ്ടിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോഴാണ്, രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വേദിയിലേക്കു കടന്നുവന്ന മരണം ലഗേഷിനെ കാണികൾക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്. സഹപ്രവർത്തകരും സദസും സ്തബ്ദ്ധരായി നിൽക്കെ, അധികം വൈകാതെ ആ വാർത്തയെത്തി; ലഗേഷ് വിടപറഞ്ഞു!
കൊല്ലം പെരുമൺ ചിറ്റയം കുന്നുംപുറത്ത്മുക്ക് പ്രീമിയർ ക്ളബ്ബിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'വാർത്ത' നാടകം അവതരിപ്പിച്ചത്. 9.15ന് നാടകം തുടങ്ങി, തിങ്ങിക്കൂടിയ ജനം നാടകത്തിലേക്ക് ലയിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് പ്രധാന കഥാപാത്രങ്ങളിലൊന്നായ 'ലോപ്പസി'നെ അവതരിപ്പിച്ച ലഗേഷ് കുഴഞ്ഞുവീണത്. മദ്യ ലഹരിയുടെ സന്തോഷം നിറഞ്ഞ പാട്ടും അതിനൊപ്പമുള്ള താളച്ചുവടുകളുമായിരുന്നു രംഗത്ത് അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാട്ട് തീർന്നതും ഒപ്പമുണ്ടായിരുന്ന കഥാപാത്രം ഛർദ്ദിച്ചു (നാടകത്തിന്റെ ഭാഗമായി). 'നീയെന്താ വാളുവച്ചത്?' എന്ന് ലോപ്പസ് ചോദിച്ചു. 'ഇവന്റെ കൈയിലെ കാശിന് വാങ്ങിയ മദ്യം വയറ്റിൽ കിടക്കേണ്ട' എന്ന മറുപടി കേട്ടുകൊണ്ട് ലോപ്പസ് കസേരയിലേക്ക് ഇരിക്കുന്നു. ഇരുന്നപാടെ മുന്നോട്ടാഞ്ഞ് കമഴ്ന്നുവീണു. നെറ്റിപൊട്ടി ചോര ചിതറി. ഒപ്പമുണ്ടായിരുന്നവർ ലഗേഷിനെ ആൾക്കൂട്ട മദ്ധ്യത്തിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആ ജീവിതത്തിന് തിരശീല വീണു.
ഒപ്പമുണ്ടാവും പൊതിച്ചോറ്
പി.ആർ.ലഗേഷിന് കുട്ടിക്കാലത്തുതന്നെ നാടകത്തോട് വല്ലാത്ത ഭ്രമമായിരുന്നു. പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചു. പൊലീസിൽ കിട്ടിയ ജോലി ഉപേക്ഷിച്ച് ആരോഗ്യ വകുപ്പിലെത്തി. സർവീസിൽ തുടരുമ്പോഴും ഇരുപത് വർഷമായി പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നു വിരമിച്ച ശേഷമാണ് സജീവമായത്. ആറടിപ്പൊക്കം, ഗാംഭീര്യമുള്ള ശബ്ദം, തമാശകൾ ചേരുന്ന വർത്തമാനം, കിറുകൃത്യമായ അഭിനയ മികവ് എന്നിവയിലൂടെയാണ് ലഗേഷ് ശ്രദ്ധ നേടിയെടുത്തത്. കാഞ്ഞിരപ്പള്ളി അമലയിലൂടെയാണ് ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങിയത്. രണ്ട് വർഷമായി അമ്പലപ്പുഴ അക്ഷരജ്വാലയ്ക്കൊപ്പമുണ്ട്. അനന്തരം എന്ന നാടകത്തിന് ശേഷം 'വാർത്ത' തയ്യാറാക്കിയപ്പോൾ നായക തുല്യമായ മുഴുനീള കഥാപാത്രങ്ങളാണ് ലഗേഷിന് ലഭിച്ചത്. പൊലീസ് വേഷവും ലോപ്പസിന്റെ വേഷവും. നാടകമുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്നു പൊതിച്ചോറുമായാണ് എത്തുന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ അമ്പലപ്പുഴയിൽ ബൈക്കിലെത്തിയപ്പോഴും പൊതിച്ചോർ മറന്നില്ല.
നാടക ഡയലോഗുകളാെക്കെ പെട്ടെന്ന് കാണാതെ പഠിക്കും. നല്ല സ്വഭാവം, പെരുമാറ്റം. കഥാപാത്രങ്ങളോട് നീതി പുലർത്തിയിരുന്നു. എന്നിട്ടും ലഗേഷ് പെട്ടെന്ന് കടന്നുപോയി
സഹ പ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |