കൊല്ലം: കൊല്ലം സിറ്റി പൊലീസിന്റെ സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാർ കാർഡുമായി ബംഗ്ളാദേശ് സ്വദേശി നേപ്പാൾ ദാസ് കോഴിക്കോട് ബേപ്പൂർ പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശിൽ നിന്ന് അനിധികൃതമായി ബംഗാളിൽ എത്തി അവിടെ നിന്നു വ്യാജ ആധാർ കാർഡുമായി കൊല്ലത്ത് എത്തുകയും പൊലീസ് പരിശോധന ഉണ്ടെന്നറിഞ്ഞ് ബേപ്പൂരിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. വെസ്റ്റ് ബംഗാൾ 24 പ്രഗാൻസ്, കലിങ്ങനഗർ, കളികപൂർ, ജയൽദാസ് മകൻ നേപ്പാൾ ദാസ് 19 എന്ന വിലാസമാണ് ഇയാളുടെ ആധാർ കാർഡിൽ ഉണ്ടായിരുന്നത് .
മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശി പരുമൽദാസിനെയും വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾക്ക് കൊല്ലത്ത് എത്താനും ബോട്ടിൽ ജോലി ലഭിക്കാനും സഹായിച്ച തപൻ ദാസിനെയും ദിവസങ്ങൾക്കു മുൻപ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നേപ്പാൾ ദാസിനെപ്പറ്റി അറിയുന്നത്. ബേപ്പൂരിലേക്ക് മുങ്ങിയ ഇയാളെപ്പറ്റിയുള്ള വിവരം കൊല്ലം സിറ്റി പൊലിസ് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറി. തുടർന്ന് ബേപ്പൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ രേഖ ചമച്ചതിനും ഫോറിനേഴ്‌സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾപ്രകാരവുമാണ് ഇയാൾക്കെതിരെ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതുവരെ 3 പേർ പിടിയിൽ
സുരക്ഷിതതീരം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3 ആയി. പരിശോധനയുടെ ആദ്യ ആഴ്ചയിൽ തന്നെ മൂന്നുപേർ അറസ്റ്റിലായതോടെ നിരവധി ആളുകൾ മത്സ്യബന്ധന മേഖലയിലും മറ്റ് മേഖലയിലും എത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് കൊല്ലം എ.സി.പി എസ്.ഷെരീഫ് പറഞ്ഞു. രണ്ടു മാസം മുമ്പ് സംസ്ഥാന പൊലീസ് മേധാവി കൊല്ലത്തെത്തി നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 'സുരക്ഷിതം തീരം' പദ്ധതിആരംഭിച്ചത്. പ്രാഥമികമായി ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ തുടങ്ങിയ ഈ പദ്ധതി വൈകാതെ സിറ്റിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |