തൊഴിലാളികളെന്ന പരിഗണന പോലുമില്ല
കൊല്ലം: മഴയെന്നോ വെയിലെന്നോ, രാവെന്നോ പകലെന്നോ ഇല്ലാതെ മരണപ്പണിയെടുക്കുന്ന 'ഗിഗ്' തൊഴിലാളികൾ തങ്ങളുടെ മേഖലയിൽ യാതൊരു പരിഗണനയുമില്ലാതെ അലയുന്നു. ഭക്ഷണമുൾപ്പെടെ അത്യാവശ്യ സാധനങ്ങൾ ഓർഡർ ചെയ്യുന്നവരുടെ മുന്നിലേക്ക് ഓടിയെത്തുന്ന ഇവർക്ക് യഥാസമയം ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല എന്നതാണ് വാസ്തവം.
സൊമാറ്റോ, സ്വിഗ്ഗി (ഭക്ഷണ വിതരണം), ഊബർ, ഓല (ഗതാഗതം), ഫ്‌ളിപ്പ്കാർട്ട്, ആമസോൺ (വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ) എന്നീ കമ്പനികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ പൊതുവേ വിളിക്കുന്നതാണ് ഗിഗ് (GIG) തൊഴിലാളികൾ. അടിസ്ഥാന ശമ്പളമില്ല. ഓർഡർ അനുസരിച്ചാണ് ശമ്പളം. ഡ്രൈവർമാർ ഒഴികെയുള്ളവർ, ഓർഡറുമായി ഒരു കിലോമീറ്റർ ടൂവീലർ ഓടിച്ചാൽ 4 രൂപയാണ് ഇന്ധന ചെലവ് ഉൾപ്പെടെ ലഭിക്കുന്നത്. കമ്പനികൾ വ്യത്യാസപ്പെടുമ്പോൾ ഇതിൽ മാറ്റമുണ്ടാവാം. രാവിലെ എട്ടുമുതൽ രാത്രി ഒരുമണിവരെയൊക്കെ അത്യദ്ധ്വാനം ചെയ്യുന്ന യുവാക്കളുണ്ട്. ഇവർക്ക് ദിവസം 1500- 2000 രൂപ വരെ ഒപ്പിക്കാനാവും. പക്ഷേ, ഓവർടൈം എന്നൊരു 'പ്രയോഗം' ഇവരുടെ തൊഴിൽ മേഖലയിൽ ഇല്ല.
ഇവർക്ക് സൗജന്യമായി യൂണിഫോം നൽകാൻ പോലും കമ്പനികൾ തയ്യാറാവുന്നില്ല. കമ്പനിയുടെ ബാഗും യൂണിഫോമും വാങ്ങാൻ കൈക്കാശ് മുടക്കണം. ഗിഗ് തൊഴിലാളികളെ കമ്പനികൾ 'പാർട്ണേഴ്സ്' എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. അതിനാൽ തൊഴിലാളികൾക്ക് അവകാശപ്പെട്ട് ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ല.പരാതികൾ അറിയിക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ബന്ധപ്പെടാനോ ഓഫീസ് സംവിധാനങ്ങളുമില്ല. ഓരോ തൊഴിലാളിക്കും ലഭിക്കുന്ന യൂസർ ഐ.ഡിയിൽ ലോഗ് ഇൻ ചെയ്തു കയറുമ്പോഴാണ് ആ ദിവസത്തെ ജോലി ആരംഭിക്കുന്നത്. പിന്നീട് ഓർഡർ ലഭിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ്. ചിലപ്പോൾ ഗതാഗതക്കുരുക്ക് കാരണം ഭക്ഷണ സാധനങ്ങൾ യഥാസമയം എത്തിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതു സംബന്ധിച്ച് ഉപഭോക്താവ് കമ്പനിക്ക് പരാതി നൽകിയാൽ അത് വിതരണക്കാരനെ ബാധിക്കും. എന്നാൽ, ഓർഡർ ക്യാൻസൽ ചെയ്യുകയാണെങ്കിൽ പ്രശ്നമില്ല. ഉപഭോക്താവിന്റെ ഫോണിലേക്ക് ക്യാൻസലേഷൻ ഒ.ടി.പി വരുന്നതുവരെ അവിരെ കാത്തു നിൽക്കണമെന്നു മാത്രം.
ഇല്ലായ്മകളുടെ വിതരണ കേന്ദ്രം
റോഡരികിലെ മരച്ചുവടുകളും ബസ് സ്റ്റോപ്പുകളുമൊക്കെയാണ് വിശ്രമ കേന്ദ്രങ്ങൾ
ടോയ്‌ലെറ്റ് ഉപയോഗിക്കണമെങ്കിൽ ഹോട്ടലുടമകൾ കനിയണം
പ്രധാന മണിക്കൂറുകളിൽ (ഉച്ചയ്ക്ക് 12 - 3, വൈകിട്ട് 6 - 9) യഥാസമയം ഓർഡർ എത്തിച്ചാൽ ഇൻസെന്റീവ്
ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യാമെന്നല്ലാതെ തൊഴിൽ സുരക്ഷയില്ല
മുതലാളി തൊഴിലാളി ബന്ധമില്ല, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളില്ല
ജോലി സമ്മർദ്ദം കാരണം അമിത വേഗത്തിൽ വാഹനമോടിക്കേണ്ടി വരുന്നു
പ്രതിവർഷം അമ്പതോളം തൊഴിലാളികൾ ജോലിക്കിടെ അപകടത്തിൽപ്പെടുന്നു
ഇൻഷ്വറൻസ് പരിരക്ഷയില്ല
അകാരണമായി പിരിച്ചുവിടൽ
ജോലിയിൽ കയറാനായി ലോഗിൻ ചെയ്യാനുള്ള ഐ.ഡി പ്രവർത്തന രഹിതമാക്കിയാൽ പിരിച്ചുവിട്ടതിനു തുല്യമാണ്. അടുത്തിടെ ഒരു തൊഴിലാളിയെ ഇപ്രകാരം പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നടത്തിയ പ്രതിഷേധത്തിനു മുന്നിൽ കമ്പനി മുട്ടുമടക്കി തൊഴിലാളിയെ തിരിച്ചെടുത്തത് അവരുടെ വിജയമായി.
പൂർണരൂപമില്ല
ഗിഗ് (GIG) എന്നതിന് പൂർണരൂപമില്ല. ഒറ്റയാൾ പ്രകടനത്തിന് സംഗീതലോകമാണ് 1915 കാലഘട്ടത്തിൽ ഗിഗ് എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയത്. താത്കാലികവും ഏതെങ്കിലും പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചും ജോലി നൽകുന്ന വലിയ ശൃംഖലയിലെ തൊഴിലാളികളെയാണ് ഇപ്പോൾ ഗിഗ് തൊഴിലാളികൾ എന്നു വിളിക്കുന്നത്.
നിയമ നിർമ്മാണത്തിന് വേണ്ടുന്ന മാർഗ നിർദ്ദേശം സർക്കാരിന് നൽകിയിട്ടുണ്ട്. നടപടി അനുകൂലമാകുമെന്നാണ് പ്രതീക്ഷ അരുൺ കൃഷ്ണൻ, കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ, ജില്ലാ പ്രസിഡന്റ്
.................................
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |