കൊല്ലം: കണ്ടം ചെയ്യാൻ കൈമാറിയ ബുള്ളറ്റ് വ്യാജ രേഖകളുണ്ടാക്കി പുതുതായി രജിസ്റ്റർ ചെയ്തുള്ള തട്ടിപ്പ് കൈയോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ബുള്ളറ്റ് പുനലൂരിൽ റീ അസൈൻമെന്റിനായി കൊണ്ടുവന്നപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്.
കേരള വിജിലൻസ് ആന്റ് ആന്റി കറപ്ക്ഷൻ ബ്യൂറോ ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ബുള്ളറ്റാണ് വ്യാജ രേഖ ഉണ്ടാക്കി റീ അസൈൻമെന്റിനായി എത്തിച്ചത്. 15 വർഷക്കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഈ ബുള്ളറ്റ് കണ്ടം ചെയ്യാനായി സ്വകാര്യ ഏജൻസിക്ക് കൈമാറി. ഈ ഏജൻസിയിൽ നിന്ന് ബുള്ളറ്റ് വാങ്ങിയവർ കണ്ടം ചെയ്യാതെ ഇന്ത്യൻ സേന ഉപയോഗ ശേഷം ലേലം ചെയ്തതെന്ന പേരിൽ വ്യാജ രേഖ ഉണ്ടാക്കി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ബുള്ളറ്റിന്റെ എൻജിൻ, ചേസിസ് നമ്പരുകളിലെ വൈരുദ്ധ്യം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ കൂടുതൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വാഹനം റീ അസൈൻമെന്റിനായി കൊണ്ടുവന്ന ഉടമയും കബിളിപ്പിക്കപ്പെട്ടതാണെന്നാണ് നിഗമനം. ആർമിയിൽ നിന്ന് ലേലം പിടിച്ചതെന്ന് വിശ്വസിപ്പിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസി ബുള്ളറ്റ് വിൽക്കുകയായിരുന്നു. ബുള്ളറ്റ് വിശദ അന്വേഷണത്തിനായി മോട്ടാർ വാഹന വകുപ്പ് പുനലൂർ പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |