
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യമായി അതിവേഗം ഓൺലൈനായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ-സ്മാർട്ട് പോർട്ടലിന്റെ വേഗത ഒരുവിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു. പോർട്ടൽ ഓട്ടോമേഷൻ മോഡിൽ അനുമതി നൽകിയ, കെട്ടിട നിർമ്മാണ പെർമിറ്റുകൾക്കുള്ള അപേക്ഷകളടക്കം ഉദ്യോഗസ്ഥർ വ്യക്തതയില്ലാത്ത ഭേദഗതികൾ നിർദ്ദേശിച്ച് തടയുകയാണ്.
ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥത തുടങ്ങിയ വിവരങ്ങളടക്കം റവന്യു വകുപ്പിന്റെ വിവിധ പോർട്ടലുകളുമായി കെ-സ്മാർട്ട് പോർട്ടൽ ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് റവന്യു വകുപ്പിന്റെ പോർട്ടലുകളിലെ വിവരങ്ങൾ അടക്കം പരിശോധിച്ചാണ് കെ-സ്മാർട്ട് പോർട്ടൽ ഓട്ടോമേഷൻ മോഡിൽ കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷകൾക്ക് അനുമതി നൽകുന്നത്. ഇങ്ങനെ കെ-സ്മാർട്ട് പോർട്ടലിലെ സെൽഫ് സ്ക്രൂട്ടിനൈസിംഗ് എൻജിൻ പരിശോധിച്ച് അംഗീകരിച്ച അപേക്ഷകൾ പലതും ഉദ്യോഗസ്ഥർ തടയുകയാണ്.
അനാവശ്യ തടസവാദങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയാൽ തങ്ങൾ കുരുങ്ങുമെന്ന് ഉറപ്പായതിനാൽ തൊടുന്യായങ്ങൾ വാക്കാലാണ് അപേക്ഷകനോട് പറയുന്നത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
പോർട്ടൽ അംഗീകരിച്ച അപേക്ഷകളും തടയുന്നു
സേവനങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം ചില ഉദ്യോഗസ്ഥർ വിവിധ അപേക്ഷകളും ഫയലുകളും ബോധപൂർവം വൈകിപ്പിച്ച് കൈക്കൂലി വാങ്ങുന്നത് കൂടി തടയാനാണ് സർക്കാർ കെ-സ്മാർട്ട് പോർട്ടൽ കൊണ്ടുവന്നത്
സർക്കാർ ലക്ഷ്യം അട്ടിമറിക്കുന്ന തരത്തിൽ കൈക്കൂലി ലക്ഷ്യമിട്ടാണ് പോർട്ടൽ അംഗീകരിച്ച അപേക്ഷകൾ ഉദ്യോഗസ്ഥർ തടയുന്നതെന്ന് സംശയം
കൊല്ലം കോർപ്പറേഷൻ അടക്കം പല തദ്ദേശ സ്ഥാപനങ്ങളിലും മാസങ്ങൾക്ക് മുമ്പേ കെ സ്മാർട്ട് വഴി അപേക്ഷിച്ചിട്ടും കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാത്ത അപേക്ഷകളുണ്ട്.
ജനങ്ങൾക്ക് വേഗത്തിൽ സേവനം നൽകാനും ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നത് കുറയ്ക്കാനും സർക്കാർ കൊണ്ടുവന്ന കെ-സ്മാർട്ട് പോർട്ടൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണ്. ഇതുസംബന്ധിച്ച് ഉയരുന്ന പരാതികൾ സർക്കാർ ഗൗരവമായി പരിശോധിക്കണം.
അപേക്ഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |