കൊല്ലം: ആശ്രാമം മൈതാനത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെ ആശ്രാമം ആയുർവേദ ആശുപത്രിക്ക് എതിർവശത്തുള്ള ഭാഗത്താണ് തീപിടിച്ചത്. ഉണങ്ങിയ പുല്ലിലേക്കും ഇതിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിലേക്കുമാണ് തീ പടർന്നത്.
ഓണ സീസണിൽ മൈതാനത്ത് നടത്തിയ എക്സിബിഷനുകളിലെ മാലിന്യങ്ങൾ മൈതാനത്ത് ഉപേക്ഷിച്ചിരുന്നു. ഇവ നിരന്നുകിടന്നത് തീപിടിത്തം വ്യാപിക്കാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു. മൈതാനത്തെ ഒരേക്കറോളം ഭാഗത്ത് തീ ആളിപ്പടർന്നു. കാറ്റ് വീശിയടിച്ചതിനാൽ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കത്തിയതിനെ തുടർന്ന് ശക്തമായ കറുത്ത പുക ഉയർന്നു. വിഷപ്പുക വലിയതോതിൽ ഉയർന്നത് വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാർക്കും പ്രദേശവാസികൾക്കും ചെറിയ തോതിൽ ശ്വാസതടസമുണ്ടാക്കി. പ്രദേശത്ത് രൂക്ഷ ഗന്ധവും പരന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വഴിയാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു. സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആളപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |