SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

ബാബു ആന്റണിയല്ല, ഇത് ബാബു സുജി​ത്ത്!

Increase Font Size Decrease Font Size Print Page
photo

കൊല്ലം: നടൻ ബാബു ആന്റണി​യോടുള്ള ആരാധന സുജി​ത്തി​നെ (31) പതി​യെ 'ബാബു സുജി​ത്താ'ക്കി​മാറ്റി​യ കഥയാണി​ത്. സുജിത്ത് നടന്നു വരുന്നതു കണ്ടാൽ തൊണ്ണൂറുകളി​ൽ തീയേറ്ററുകളെ ഇളക്കി​മറി​ച്ച ആക്ഷൻ ഹീറോ ബാബു ആന്റണി വരുന്നതുപോലെയുണ്ട്. ആറടി​ പൊക്കവും നീട്ടി​ വളർത്തി​യ മുടി​യും മുഖ സാദൃശ്യവും സുജി​ത്തി​നെ നാട്ടി​ലെ ബാബു ആന്റണി​യാക്കുകയായി​രുന്നു.

ബാബു ആന്റണിയോട് കുട്ടിക്കാലത്തു തന്നെ സുജിത്തിന് ആരാധന തുടങ്ങിയതാണ്. പിന്നെ തന്നിലെ രൂപമാറ്റം സുജിത്തിനുതന്നെ വിസ്മയമായി. ആറടി പൊക്കം കൂടിയുള്ളതിനാൽ ബാബു സുജിത്ത് എന്ന് വിളിപ്പേരുംകിട്ടി. ബാബു ആന്റണിയുടെ ശബ്ദവും അനുകരിക്കും. പുത്തൂർ മാറനാട് ചരുവിള വീട്ടിൽ ബാലകൃഷ്ണൻ- ഉഷ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനായ സുജിത്ത് സ്കൂൾ പഠനകാലത്തുതന്നെ ശബ്ദാനുകരണ കലയിൽ മികവ് കാട്ടിയിരുന്നു. ബാബു ആന്റണിയായി മിമിക്രി വേദികളിൽ ഗസ്റ്റ് ആർട്ടിസ്റ്റായും എത്തുന്നുണ്ട്. ബാബു ആന്റണിക്ക് ആറടി രണ്ട് ഇഞ്ചാണ് പൊക്കം. ബാബു സുജിത്തിന് രണ്ടി​ഞ്ച് കുറയും.

ഈ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽക്കൂടി അറിഞ്ഞ് സാക്ഷാൽ ബാബു ആന്റണി നേരിട്ട് സുജിത്തിനെ വിളിച്ചു. കോട്ടയം പുലിക്കുന്നത്തുവച്ച് കണ്ട് സംസാരി​ച്ചു. രണ്ടുപേരും ഒന്നിച്ച് 'സ്റ്റാർ മാജിക്' ചാനൽ പ്രോഗ്രാമിലും പങ്കെടുത്തു. സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമുണ്ട്.

കലയ്ക്കൊപ്പം സേവനവും

പഠനശേഷം കലാ പ്രവർത്തനത്തിലൂടെ ലഭി​ച്ച വരുമാനം മറ്റുള്ളവരെ സഹായിക്കാൻകൂടി ഉപയോഗിച്ചു. നന്മയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരുടെ പി​ന്തുണയുമുണ്ടായി​. മൂന്ന് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി​. ഇന്നാണ് സദാനന്ദപുരത്ത് പുതിയ വീടിന്റെ താക്കോൽ കൈമാറ്റം. കൃത്രിമ കാലുകളും കൈകളുമൊക്കെ പലർക്കും വച്ചുനൽകാനും ഭിന്നശേഷിക്കാർക്ക് ലോട്ടറി കട നടത്താനും ബാബു സുജിത്തിനും കൂട്ടുകാർക്കും കഴിഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY