SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

കൊല്ലത്ത് രണ്ടു പുതിയ താലൂക്ക് ശുപാർശ വെട്ടി!

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലയിൽ പുതിയ രണ്ട് താലൂക്കുകൾ രൂപീകരിക്കണമെന്ന ആവശ്യം ലാൻഡ് റവന്യു കമ്മിഷണർ തള്ളി. കൊല്ലം കളക്ടർ 2023ൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂരും, കൊട്ടാരക്കര, പുനലൂർ താലൂക്കുകൾ വിഭജിച്ച് ചടയമംഗലം അല്ലെങ്കിൽ കടയ്ക്കൽ കേന്ദ്രമാക്കിയും പുതിയ താലൂക്കുകൾ രൂപീകരിക്കാൻ 2024 ഡിസംബറിൽ അന്നത്തെ ലാൻഡ് റവന്യു കമ്മിഷണർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ ലാൻഡ് റവന്യു കമ്മിഷണർ പുതുക്കി സമർപ്പിച്ച ശുപാർശയിലാണ് കൊല്ലം തഴയപ്പെട്ടത്. ഇതോടെ ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലമെങ്കിലും വിഭജിക്കപ്പെടുന്ന പ്രതീക്ഷയും തകർന്നു.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം ഓരോ താലൂക്ക് വീതം പുതുതായി രൂപീകരിക്കാനാണ് ലാൻഡ് റവന്യു കമ്മിഷണറുടെ ശുപാർശ. ഒരു താലൂക്ക് രൂപീകരിക്കമ്പോൾ രണ്ട് തഹസിൽദാർ അടക്കം കുറഞ്ഞത് 58 ജീവനക്കാരുടെയെങ്കിലും തസ്തിക പുതുതായി സൃഷ്ടിക്കണം. ഇവരുടെ ശമ്പളം, താലൂക്ക് ഓഫീസ് പ്രവർത്തനത്തിന്റെ മറ്റ് ചെലവുകൾ തുടങ്ങിയവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാദ്ധ്യതയാണ് പ്രധാന പ്രശ്നം. ജനസംഖ്യ, വിസ്തൃതി, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് വിഭജന ശുപാർശയുടെ മാനദണ്ഡമായി പറഞ്ഞിരിക്കുന്നത്.

ജില്ലയിലെ താലൂക്കുകളും വില്ലേജുകളുടെ എണ്ണവും


 കൊല്ലം- 31
 കരുനാഗപ്പള്ളി- 17
 കുന്നത്തൂർ- 7
 പുനലൂർ- 15
 പത്തനാപുരം- 8
 കൊട്ടാരക്കര- 27

2023ൽ കളക്ടറുടെ റിപ്പോർട്ട്

 ഉൾപ്രദേശങ്ങളിൽ നിന്നു കൊല്ലം താലൂക്കിലെത്താൻ യാത്രാദുരിതം
 9 വില്ലേജുകൾ ഉൾപ്പെടുത്തി ചാത്തന്നൂർ കേന്ദ്രമാക്കി പുതിയ താലൂക്ക്
 കൊട്ടാരക്കര, പുനലൂർ താലൂക്കുകൾ വിഭജിക്കണം

 കടയ്ക്കലോ, ചടയമംഗലമോ കേന്ദ്രമാക്കി പുതിയ താലൂക്ക്

കുന്നത്തൂരിൽ കൂട്ടിച്ചേർക്കലുമില്ല

കൊല്ലം താലൂക്കിലെ മൺറോത്തുരുത്ത്, കിഴക്കേക്കല്ലട, കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ വില്ലേജുകൾ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുത്തണമെന്ന കളക്ടറുടെ റിപ്പോർട്ടും ലാൻഡ് റവന്യു കമ്മിഷണറുടെ പുതിയ ശുപാർശയിൽ ഉൾപ്പെട്ടിട്ടില്ല.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY