SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

ഡോ. വന്ദനാദാസ് കൊലക്കേസ്: അടുത്തമാസം വിധിക്ക് സാദ്ധ്യത

Increase Font Size Decrease Font Size Print Page

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിലെ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനാൽ മാർച്ചിൽ വിധി പറയാൻ സാദ്ധ്യത. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ, അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിനെയാണ് ഒടുവിൽ വിസ്തരിച്ചത്.

2023 മെയ് 10ന് നടന്ന കൊലക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 12നാണ് വിചാരണ ആരംഭിച്ചത്. സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ഹാജരാക്കി.

പ്രതി ക്രൂരമായ രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്നതിൽ മടി കാണിക്കാത്ത ആളാണെന്ന് പ്രോസിക്യൂഷൻ സാക്ഷിയായി കോടതിയിൽ വിസ്തരിച്ച അടുത്ത ബന്ധു മൊഴി നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്രിക ആശുപത്രിയിൽ ഉണ്ടായിരുന്ന ഫിൽട്ടർ വാട്ടർ ടാപ്പിൽ കഴുകിയ ശേഷം ഒളിപ്പിക്കാൻ ശ്രമിച്ചതും കേസിൽ പ്രതിക്ക് എതിരെയുള്ള സാഹചര്യമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥരെയും മറ്റും ആക്രമിക്കുന്ന ദൃശ്യങ്ങളും ഹാജരാക്കി. വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും തന്നെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പൊലീസ് കണ്ടെടുത്ത് കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.

കേസിൽ കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടി തിങ്കളാഴ്ച ആരംഭിക്കും. അതിന് ശേഷം പ്രതിഭാഗത്തിന് സാക്ഷികളുണ്ടെങ്കിൽ വിസ്താരം നടക്കും. തുടർന്ന് വിധി പ്രഖ്യാപനത്തിലേക്ക് കടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ്. ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY