SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.08 PM IST

റബ്ബർ എസ്റ്റേറ്റ് നൈറ്റ് വാച്ചറെ കാട്ടുപന്നി​ കുത്തി​ക്കൊന്നു

Increase Font Size Decrease Font Size Print Page
y

കൊല്ലം: ജോലി​ കഴി​ഞ്ഞ് പകൽ വീട്ടി​ലേക്ക് നടന്നു പോവുകയായി​രുന്ന റബ്ബർ എസ്റ്റേറ്റ് നൈറ്റ് വാച്ചറെ കാട്ടുപന്നി​ കുത്തി​ക്കൊന്നു.

തെന്മല ചാലിയക്കര ഉപ്പുക്കുഴി റബ്ബർ എസ്റ്റേറ്റിലെ താത്കാലിക വാച്ചറായ ഉപ്പുകുഴി മംഗലത്ത് പുത്തൻ വീട്ടിൽ രഘുനാഥനാണ് (55) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

രാവിലെ ചാലിയക്കര ജംഗ്ഷനിലെത്തി ചായ കുടിച്ച ശേഷം എസ്റ്റേറ്റിന് നടുവിലൂടെയുള്ള റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ പാഞ്ഞെത്തിയ കാട്ടുപന്നി​ രഘുനാഥനെ കുത്തി​ വീഴ്ത്തി​. തുടർന്ന് അല്പദൂരം പോയ ശേഷം വീണ്ടും ഓടിയടുത്ത് രണ്ട് തവണകൂടി​ ആക്രമി​ച്ചു. രഘുനാഥന്റെ അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് തലയ്ക്കും സാരമായ പരിക്കുണ്ടായി​. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് അനക്കമില്ലാത്ത നിലയിലായിരുന്നു. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തു നിന്നു അഞ്ഞൂറ് മീറ്റർ അകലെ വനമാണ്. എസ്റ്റേറ്റിലെ പൊന്തക്കാട്ടിൽ തമ്പടിച്ചിട്ടുള്ള കാട്ടുപന്നികളിലൊന്നാണ് രഘുനാഥനെ ആക്രമിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: രജനി. മകൾ: രഞ്ജു നാഥ്‌.

പ്രതിഷേധി​ച്ച് നാട്ടുകാർ

കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടിട്ടും ഫോറസ്റ്റ് അധികൃതർ സംഭവ സ്ഥലത്ത് എത്തുകയോ വിവരങ്ങൾ അന്വഷിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ശശിധരന്റെ നേതൃത്വത്തിൽ നാട്ടുകാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും. രഘുനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY