SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.33 PM IST

കരയിലെ വിങ്ങലായി കടൽ കവർന്ന സൗഹൃദം

Increase Font Size Decrease Font Size Print Page

കൊല്ലം: ഒന്നിച്ച് കളിച്ചുവളർന്ന, ഉറ്റ സുഹൃത്തുക്കളായ കണ്ണന്റെയും ബിബിന്റെയും മരണ യാത്രയും ഒന്നിച്ചായത് നാടിന്റെ വിങ്ങലായി മാറി.

വൈകാതെ മടങ്ങിയെത്താമെന്ന് വീട്ടിൽ ഉറപ്പ് നൽകി പോയവരാണ് സുഹൃത്തുക്കൾ നോക്കിനിൽക്കെ കടൽത്തിരകളിൽപ്പെട്ട് കണ്ണെത്താ ദൂരത്തേക്ക് മറഞ്ഞത്.

ജീവനോടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട് കാത്തിരുന്നെങ്കിലും ഇരുവരുടെയും മരണവാർത്തയാണ് പ്രിയപ്പെട്ടവരെ തേടി എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിബിൻ രാജും കണ്ണൻ രാജും സുഹൃത്തുക്കളായ അബു താഹിർ, അർജുൻ, റിഹാൻ എന്നിവർക്കൊപ്പം പരവൂർ പൊഴിക്കരയിൽ എത്തിയത്. അഞ്ചുപ്പേരും അടുത്തചങ്ങാതിമാർ. കളിക്കാനും മറ്റ് വിനോദ പരിപാടികൾക്കും 5 പേരും ഒരുമിച്ചാണ് പോകുന്നത്. സ്കൂൾ അവധി ദിവസങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള സമയത്തും അഞ്ചാളും എല്ലാ ദിവസവും ഒത്തുകൂടും. അപകട വിവരം പങ്കുവയ്ക്കുമ്പോഴും സുഹൃത്തുക്കളുടെ ഞെട്ടൽ മാറിയിരുന്നില്ല.

അപകടദിവസവും കണ്ണൻ രാജിന്റെ വീട്ടിൽ എത്തിയാണ് എല്ലാവരും പരവൂർ പൊഴിക്കരയിലേക്ക് പോയത്. മരിച്ച കണ്ണന്റെയും ബിബിന്റെയും വീടുകൾ തമ്മിൽ ഒരുവിളിപ്പാട് അകലം മാത്രമേയുള്ളൂ. മരണ വിവരമറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് ഇരുവീടുകളിലേക്കും എത്തിയത്. മക്കളുടെ വിയോഗ വാർത്ത അമ്മമാരെ അറിയിക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. വീട്ടിൽ ബന്ധുക്കളും നാട്ടുകാരുമൊക്കെ എത്തിയതോടെയാണ് അമ്മമാരെ വിവരം അറിയിച്ചത്. നെഞ്ചത്തടിച്ച് നിലവിളിക്കുന്ന കാഴ്ച കണ്ടുനിന്നവർക്കും താങ്ങാനായില്ല. ഉച്ചയ്ക്ക് 2.15നാണ് ബിബിന്റെ മൃതദ്ദേഹം വീട്ടിൽ എത്തിച്ചത്. വൈകിട്ട് നാലിന് പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടത്തി. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കണ്ണന്റെ മൃതദ്ദേഹം പാരിപ്പള്ളി മെഡി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.