SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

പ്രായത്തെ തോല്പിച്ച് കായലിൽ മുങ്ങാങ്കുഴിയിട്ട് കുട്ടിഅമ്മ

Increase Font Size Decrease Font Size Print Page
kutti

കൊല്ലം: 'ദിവസം നൂറുരൂപയെങ്കിലും സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കണം, പത്ത് പൈസയ്ക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കണം'-70ാം വയസിലും അഷ്ടമുടിക്കായലിൽ മുങ്ങാംകുഴിയിട്ട് കക്കാവാരുമ്പോഴും കുട്ടിഅമ്മയുടെ ആഗ്രഹം ഇതുമാത്രമാണ്. മുടിപകുതിയോളം നരച്ച്,തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ് കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള കുട്ടിഅമ്മ മൺറോതുരുത്തിലെ ഇടച്ചാൽ കടവിൽ നിന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് മുങ്ങുമ്പോൾ കാണുന്നവരുടെ ഉള്ളൊന്ന് കാളും. പക്ഷെ പത്തടിയോളം ആഴത്തിൽ വരെ മുങ്ങി കായലിന്റെ അടിത്തട്ടിൽ നിന്ന് കക്കവാരി കുട്ടിഅമ്മ കരയ്ക്കെത്തും. അഞ്ചാം വയസിൽ അച്ഛൻ നീന്തൽ പഠിപ്പിച്ചതാണ് 'കുട്ടി'യെ. അതുകൊണ്ട് തന്നെ മഴ പെയ്ത് അഷ്ടമുടി പാഞ്ഞൊഴുകുമ്പോഴും കുട്ടിഅമ്മ തോൽക്കില്ല.

ഞായർ ഒഴികെ ദിവസവും രാവിലെ 8 ന് ഇടച്ചാൽ കടവിലെത്തി ഉച്ചയ്ക്ക് 12.30 വരെയെങ്കിലും കക്കവാരും. ഓരോ തവണ കുട്ടിഅമ്മ കരയ്ക്കെത്തുമ്പോഴും കൈലി കിഴിക്കെട്ടിൽ വാരിനിറച്ച കക്ക വാങ്ങാൻ ആളുണ്ടാകും. അഥവാ ബാക്കി ഉണ്ടെങ്കിൽ വീട്ടിലേക്കുള്ള വഴിയെ ആരെങ്കിലും വാങ്ങും. നൂറ് രൂപയ്ക്ക് അഞ്ച് കൈ നിറയെ കക്ക നൽകും. ചില ദിവസങ്ങളിൽ ആകെ ഇരുനൂറ് രൂപയേ കിട്ടു. സീസൺ കാലത്ത് എണ്ണൂറ് രൂപ വരെ കിട്ടും. 'മുരിങ്ങ' കൂടി കിട്ടിയാൽ അന്ന് കുട്ടി അമ്മയ്ക്ക് കോളാണ്. പെരുമൺ ജയന്തി കോളനിയിലാണ് താമസം. ബന്ധുവായ ശകുന്തള പല ദിവസങ്ങളിലും കുട്ടിഅമ്മയ്ക്ക് കൂട്ടിനുണ്ടാകും. നില തെറ്റാതെ മുങ്ങാൻ കഴിയുന്നത് വരെ കക്കവാരി ജീവിക്കണമെന്നാണ് കുട്ടിഅമ്മയടെ ആഗ്രഹം.

 തോറ്റുകൊടുക്കാതെ ജീവിതം

അഷ്ടമുടിക്കായലിലെ കക്കാവാരൽ തൊഴിലാളികളായിരുന്ന നല്ലന്റെയും ചേതയുടെയും 12മക്കളിൽ എട്ടാമത്തെ ആളാണ് കുട്ടിഅമ്മ എന്ന കുട്ടി. ചെറുപ്പത്തിലെ സഹോദരങ്ങൾക്കൊപ്പം കക്കവാരൽ തൊഴിലാളിയായി. 18-ാം വയസിൽ കല്ലുവാതുക്കൽ സ്വദേശി ഗോപാലൻ വിവാഹം കഴിച്ചു. കൂലിപ്പണിക്കാരനായ ഗോപാലൻ, കുട്ടിക്ക് നാല്പത് വയസുള്ളപ്പോൾ മരിച്ചു. അതോടെ ഏകമകൾ രമണിയുമായി കുട്ടി ജന്മനാടായ പെരുമണിലേക്ക് മടങ്ങി. ജീവിതം പുലർത്താൻ വീണ്ടും കക്കാവാരൽ തൊഴിലാളിയായി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY