SignIn
Kerala Kaumudi Online
Monday, 23 February 2026 5.35 AM IST

വേനൽമഴയിൽ സർവീസ് റോഡുകൾ വെള്ളക്കെട്ടിൽ, മഴയ്ക്ക് മുമ്പേ വയഡക്റ്റ് വേണം

Increase Font Size Decrease Font Size Print Page
as

കൊട്ടിയം: വേനലിലെ ആദ്യത്തെ ശക്തമായ മഴയിൽ തന്നെ കൊട്ടിയം നഗരം വെള്ളക്കെട്ടിലായതോടെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച പെയ്ത മഴയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ പലയിടത്തും ഗതാഗതയോഗ്യമല്ലാതായി. പറക്കുളം ന്യൂ രാജസ്ഥാൻ മാർബിൾസിന് മുന്നിലും സിത്താര ജംഗ്ഷനിലും രൂപപ്പെട്ട കനത്ത വെള്ളക്കെട്ടിൽ കാറുകളും ഇരുചക്ര വാഹനങ്ങളും കുടുങ്ങി. പല വാഹനങ്ങളുടെയും സൈലൻസറുകൾ മുങ്ങുന്ന ഉയരത്തിലായിരുന്നു വെള്ളം.

40 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന മൺമതിൽ കനത്ത മഴയിൽ തകർന്നു വീഴുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

കഴിഞ്ഞ മഴക്കാലത്ത് സിത്താര ജംഗ്ഷനിൽ വെള്ളം കയറിയപ്പോൾ ഫയർഫോഴ്സെത്തി മെഷീനറി ഉപയോഗിച്ച് ഓടകളുടെ അടപ്പുകൾ പൊട്ടിച്ചാണ് വെള്ളം ഒഴുക്കിവിട്ടത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ശാശ്വതമായ ഒരു ഓട സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സാധാരണ വേനൽമഴയിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ വരാനിരിക്കുന്ന കനത്ത മഴക്കാലത്ത് കൊട്ടിയം നഗരം പൂർണമായും ഒറ്റപ്പെടുമെന്നും സർവീസ് റോഡുകൾ ഉപയോഗശൂന്യമാകുമെന്നുമാണ് വിലയിരുത്തൽ.

62 ദിവസമായി തുടരുന്ന ജനകീയ നിരാഹാര സമരം ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. കൊട്ടിയം ജംഗ്ഷനിൽ നിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റർ വീതം ദൂരത്തിലും പറക്കുളത്തും അശാസ്ത്രീയമായ അടിപ്പാത നിലനിൽക്കുന്ന ഉമയനല്ലൂരിലും തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം വേണമെന്നാണ് പ്രധാന ആവശ്യം. സാമൂഹിക പരിഗണനകൾ കൂടി പരിശോധിച്ച് പദ്ധതി പുനഃപരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന് നൽകിയ മറുപടിയിൽ എൻ.എച്ച്.എ.ഐ സൂചിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ മണ്ണ് കൊണ്ട് നിർമ്മിച്ച നാല്പത് ശതമാനം ഉയരപ്പാതകൾ തൂണുകളിൽ പുനഃർനിർമിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചിരുന്നു.

എന്നാൽ വരാനിരിക്കുന്ന മഴക്കാലത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്നും, അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി വയഡക്റ്റ് അനുവദിക്കണമെന്നും കൊട്ടിയം സംയുക സമരസമിതിയും നാട്ടുകാരും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

സീസണിൽ പെയ്ത ആദ്യ മഴയിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സമര സമിതി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.