കൊല്ലം: കളക്ടറേറ്ര് വളപ്പിൽ പ്രവർത്തിക്കുന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെയും ലീഗൽ സർവീസസ് അതോറിട്ടിയുടെയും ഔദ്യോഗിക മെയിൽ ഐഡിയിൽ ബോംബ് ഭീഷണി സന്ദേശമെത്തി. കോടതികളിൽ സയനൈഡ് വാതകം നിറച്ച 15 ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.10ന് മുമ്പ് അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി.
ഇന്നലെ രാവിലെ 7.28ന് സന്ദേശങ്ങൾ എത്തിയത്. പത്ത് മണിയോടൈ മെയിൽ ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കൊല്ലം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫെബ്രുവരി 19 നും കളക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്ന് എമർജൻസി റെസ്പോൺസ് സെല്ലിന്റെ നമ്പറിൽ വിളിച്ച മയ്യനാട് മുക്കം സ്വദേശി പ്രമോദിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കളക്ടറുടെ ഔദ്യോഗിക മെയിലിൽ ഒരുവർഷത്തിനിടെ അഞ്ച് തവണ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടർക്ക് വന്ന ഭീഷണി സന്ദേശത്തിലെ വിവരങ്ങൾ തന്നെയാണ് ഇന്നലെ കോടതികൾക്ക് വന്ന മെയിലിലുകളിലുമുള്ളത്. എല്ലാത്തിനും പിന്നിൽ ഒരാളാണെന്നാണ് സംശയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |