കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹന് തൊഴിലാളികൾ സ്നേഹനിർഭരമായ യാത്രഅയപ്പ് നൽകി. പത്തുവർഷം മുമ്പ് പദവി ഏറ്റെടുക്കാൻ ഹെഡ് ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് പൂച്ചെണ്ടുകളായിരുന്നില്ല, മറിച്ച് ഓഫീസ് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരായിരുന്നു.
180 കോടി രൂപയുടെ ഭീമമായ കടബാദ്ധ്യത, കാടുപിടിച്ചുകിടന്ന ഫാക്ടറി മുറ്റങ്ങൾ, പട്ടിണിയിലായ തൊഴിലാളികൾ. എന്നാൽ കരളുറപ്പോടെ പ്രതിസന്ധിയുടെ കനൽവഴികൾ അദ്ദേഹം നടന്നുകയറി. ഇന്ന് കടബാദ്ധ്യതകളില്ലാത്ത, പി.എഫ് - ഇ.എസ്.ഐ കുടിശ്ശികകൾ തീർത്ത, ശമ്പള വർദ്ധനയും ആധുനീകരണവും നടപ്പാക്കിയ അന്തസുള്ള സ്ഥാപനമാക്കി കോർപ്പറേഷനെ അദ്ദേഹം മാറ്റിയിരിക്കുന്നു.
കശുഅണ്ടി തൊഴിലാളികളുടെ മക്കളായ 16 കുട്ടികൾ എം.ബി.ബി.എസ് പ്രവേശനം നേടിയതും ഒരു തൊഴിലാളിയുടെ മകൾ കൊച്ചി മെട്രോയുടെ പൈലറ്റായതുമാണ് തന്റെ കാലയളവിലെ ഏറ്റവും വലിയ നേട്ടങ്ങളായി അദ്ദേഹം അടയാളപ്പെടുത്തുന്നത്.
അയത്തിൽ, കിളികൊല്ലൂർ, കല്ലുംതാഴം, കൊട്ടിയം ഫാക്ടറികളിലാണ് തൊഴിലാളികൾ ചെയർമാന് യാത്രഅയപ്പ് നൽകിയത്. എം.നൗഷാദ് എം.എൽ.എ, ബോർഡംഗങ്ങളായ ബി.സുജീന്ദ്രൻ, ശൂരനാട് ശ്രീകുമാർ, ജി.ബാബു, യൂണിയൻ നേതാക്കളായ അയത്തിൽ സോമൻ, രാജു, ഉദയകുമാർ, ഗീതാകുമാരി, എ.എം.റാഫി എന്നിവരും ചെയർമാൻ എസ്.ജയമോഹനൊപ്പം ഉണ്ടായിരുന്നു.
പണിയില്ലാതെ ഫാക്ടറികൾ അടഞ്ഞുകിടന്നപ്പോഴാണ് ഞാൻ പദവി ഏറ്റെടുത്തത്. ഇന്ന് ഫാക്ടറികൾ തൊഴിൽ ദിനങ്ങൾ നൽകി തുറന്നിരിക്കുമ്പോൾ പടിയിറങ്ങാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.
എസ്.ജയമോഹൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |