കൊല്ലം: ഒരുമാസത്തോളം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനൊടുവിൽ ചിന്നക്കടയിൽ ആവേശത്തിന്റെ കൊട്ടിക്കലാശം. വൈകിട്ട് ആറോടെ പരസ്യപ്രചാരണത്തിന് തിരശീല വീണു. നാടും നഗരവും ചുവപ്പും ത്രിവർണവും കാവിയും അണിഞ്ഞപ്പോൾ, വോട്ടർമാരെ സാക്ഷിയാക്കി ശക്തിപ്രകടനം നടത്തിയ മുന്നണികൾ അവസാന നിമിഷവും വിജയപ്രതീക്ഷ ഇരട്ടിപ്പിച്ചു.
ഇരവിപുരം മണ്ഡലത്തിലെ വികസനത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദും, കൊല്ലം മണ്ഡലത്തിലെ ക്ഷേമപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി എസ്.ജയമോഹനും മണ്ഡലം തിരിച്ചുപിടിക്കാൻ ഉറച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയും, അട്ടിമറി വിജയത്തിനായി എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. എൻ. പ്രതാപ് കുമാർ ഇരവിപുരം എൻ.ഡി.എ സ്ഥാനാർത്ഥി സജി.ഡി.ആനന്ദും അണികൾക്കൊപ്പം ആവേശത്തിന്റെ കൊടുമുടി കയറി. പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് കളം നിറഞ്ഞതെങ്കിൽ, ഭരണവിരുദ്ധ വികാരവും മാറ്റത്തിനായുള്ള മുറവിളിയുമാണ് യു.ഡി.എഫും എൻ.ഡി.എയും ആയുധമാക്കിയത്.
ഇടറോഡുകളിലൂടെയെല്ലാം കടന്നപോയ റോഡ് ഷോ ചിന്നക്കടയിലേക്ക് പ്രവേശിച്ചപ്പോൾ റോഡിന് ഇരുവശങ്ങളിലും തിരഞ്ഞെടുപ്പിന്റെ ആവേശം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർ നിലയുറപ്പിച്ചിരുന്നു. ട്രാഫിക് സംവിധാനങ്ങൾ പോലും നിയന്ത്രിക്കാനാവാത്ത വിധം കൊല്ലം നഗരം ജനക്കൂട്ടത്തിനിടയിൽ അമർന്നു.
അകമ്പടിയായി വാദ്യമേളം,
നഗരം നിശ്ചലമായി
നാസിക് ഡോളിന്റെ ഇരമ്പുന്ന താളത്തിനൊപ്പം ചുവടുവച്ച് യു.ഡി.എഫ് പ്രവർത്തകർ എത്തിയപ്പോൾ, പുലികളിയും ചെണ്ടമേളവുമായി എൽ.ഡി.എഫ് മുന്നേ കളം നിറഞ്ഞിരുന്നു. വർണാഭമായ പൂക്കാവടികളും ബലൂണുകളുമായി ബി.ജെ.പിയും കളം നിറഞ്ഞതോടെ വോട്ടാരവം നഗരത്തെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. ജനപങ്കാളിത്തം കൊണ്ട് വീഥികൾ വീർപ്പുമുട്ടി. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പതിപ്പിച്ച ടി-ഷർട്ടുകൾ ധരിച്ചും കൊടികളേന്തിയും മുതിർന്നവരും യുവാക്കളും ഒരേപോലെ തെരുവിലിറങ്ങിയതോടെ കൊല്ലം നഗരം മണിക്കൂറുകളോളം നിശ്ചലമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് വീഥികൾ തോറും അലങ്കരിച്ചാണ് ഓരോ മുന്നണിയും തങ്ങളുടെ സ്വാധീനം വിളിച്ചോതിയത്. ആയിരക്കണക്കിന് യുവാക്കൾ അണിനിരന്ന ഡി.ജെ ഡാൻസും പാട്ടുമായി പ്രചാരണം ഉത്സവമായി മാറി. മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ സ്വീകരിക്കാൻ ആയിരങ്ങൾ തെരുവുവീഥികളിൽ തടിച്ചുകുടി.
നിശബ്ദ പ്രചാരണത്തിന്റെ പകൽ
വാശിയേറിയ പ്രചാരണകാലമാണ് അവസാനിക്കുന്നത്. മറ്റന്നാൾ രാവിലെ ഏഴ് മുതൽ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാൻ മേയ് നാലിന് വോട്ടെണ്ണൽ നടക്കുന്നത് വരെ ആകാംക്ഷയുടെ മുൾമുനയിലാണ് കേരളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |