അണലിപ്പേടിയിൽ തൃക്കരുവ
Thursday 07 May 2026 12:54 AM IST
അഞ്ചാലുംമൂട്: ജനവാസമേഖലയിൽ അണലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. തൃക്കരുവ പള്ളിമുക്ക് കിണറുവിള കിഴക്കതിൽ ഹാഷിക്കിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് തള്ളയണലിയെ പിടികൂടിയത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ പെരുമൺ സ്വദേശി പ്രേംജിത്താണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഹാഷിക്കിന്റെ വീടിന്റെ വാതിൽപ്പടിയിൽ അണലിക്കുഞ്ഞിനെ കണ്ടിരുന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കരിയിലക്കൂട്ടത്തിൽ തള്ളയണലിയെ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അയൽവീട്ടിലെ പൂച്ച അണലിക്കുഞ്ഞിനെ പിടികൂടിയിരുന്നു. തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയതോടെ നാട്ടുകാരും ആശങ്കയിലാണ്.