വികസനം 'താഴോട്ട്'; അനാസ്ഥയിൽ വീർപ്പുമുട്ടി അഞ്ചൽ പട്ടണം

Thursday 07 May 2026 12:55 AM IST
അഞ്ചൽ ടൗണിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക്ചെയ്തിരിക്കുന്നു.

അഞ്ചൽ : കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ അഞ്ചൽ പട്ടണം അധികൃതരുടെ കെടുകാര്യസ്ഥതയിൽ നശിക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളുമുള്ള ഈ പട്ടണത്തിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.

 സിഗ്നൽ കണ്ണടച്ചിട്ട് രണ്ട് പതിറ്റാണ്ട്

പട്ടണത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ട്രാഫിക് സിഗ്നൽ സംവിധാനം പണിമുടക്കിയിട്ട് രണ്ട് ദശാബ്ദത്തോളമായി. ഇതുമൂലം യാത്രക്കാരും വ്യാപാരികളും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് യാതൊരു പരിഹാരവുമില്ല. നിലവിൽ ടൗണിലെ ഗതാഗത നിയന്ത്രണം പൂർണമായും പാളിയ നിലയിലാണ്.

 ഷോപ്പിംഗ് കോംപ്ലക്സ്: ഇടിച്ച് നിരത്തിയിട്ട് രണ്ട് വർഷം

പുനർനിർമ്മാണത്തിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് ഇടിച്ച് നിരത്തിയെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഈ സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി ഉപയോഗിക്കുകയാണ്. പഞ്ചായത്തിന്റെ വരുമാന മാർഗ്ഗം അടഞ്ഞതിനൊപ്പം പട്ടണത്തിന് ലഭിക്കേണ്ടിയിരുന്ന വലിയൊരു വികസന സാദ്ധ്യതയുമാണ് ഇവിടെ നഷ്ടമായത്.

ഫോറസ്റ്റ് ഓഫീസ് മാറ്റണം

ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസും അതിന്റെ ഒരേക്കറോളം സ്ഥലവും വികസന പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ്. അഡ്വ. കെ. രാജു വനം മന്ത്രി ആയിരുന്ന കാലത്ത് ഏരൂരിൽ വിപുലമായ സൗകര്യങ്ങളോടെ ഫോറസ്റ്റ് മ്യൂസിയം സ്ഥാപിച്ചിരുന്നു. പട്ടണത്തിൽ ആളുകൾക്ക് വലിയ പ്രയോജനമില്ലാത്ത റേഞ്ച് ഓഫീസ് ഇവിടേക്കോ അല്ലെങ്കിൽ വനമേഖലയോട് ചേർന്ന മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറ്റി സ്ഥാപിച്ചാൽ അഞ്ചൽ പട്ടണത്തിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനാകും

 ഭരണസമിതിക്കെതിരെ വിമർശനം

തുടർച്ചയായി 15 വർഷത്തിലേറെയായി എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുൻ പ്രസിഡന്റുമാരായ പി. ഗോപാലൻ, കെ.എൻ. വാസവൻ എന്നിവരുടെ കാലത്ത് നടന്ന വികസനമല്ലാതെ പുതിയതൊന്നും നടക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ജനകീയ ആവശ്യങ്ങളോട് ഭരണസമിതി പുറംതിരിഞ്ഞു നിൽക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

 ടൗണിന്റെ വികസനം സാദ്ധ്യമാകണമെങ്കിൽ വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലം വീണ്ടെടുക്കുകയും ഫോറസ്റ്റ് ഓഫീസ് സൗകര്യപ്രദമായ മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുകയും വേണം. ടൗണിന്റെ കണ്ണായ സ്ഥലമാണ് വനം വകുപ്പിന്റെ അധീനതയിലുള്ളത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പുനർ നിർമ്മിക്കുന്നതിൽ അധികൃതർ പുലർത്തുന്ന നിസംഗത വെടിയണം.

ബി. വേണുഗോപാൽ (വി.എസ്.എസ്. പനച്ചവിള യൂണിറ്റ്)