താലൂക്ക് ആശുപത്രിയിൽ കൈക്കൂലി: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പൂർത്തിയാക്കി
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് സഹായികളായ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കി. ഇന്ന് ഡി.എം.ഒയ്ക്ക് സമർപ്പിക്കും. ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് ഡോ.നിബിൻ കൃഷ്ണ നിയോഗിച്ച അന്വേഷണ കമ്മീഷന് ബോദ്ധ്യപ്പെട്ടുവെന്നാണ് വിവരം. ഏപ്രിൽ 18ന് നടത്തിയ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടായിരുന്നു ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടത്. ആറ്റിൽ വീണ് മരിച്ചയാളുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ജീവനക്കാർ കൈക്കൂലിപ്പണം വാങ്ങി, അത് പോരായെന്ന തരത്തിൽ കണക്ക് പറഞ്ഞതോടെയാണ് പൊതുപ്രവർത്തകർ ഇടപെട്ടത്. പിന്നീട് നെടുവത്തൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എസ്.ത്യാഗരാജനടക്കമുള്ളവർ രേഖാമൂലം ആശുപത്രി സൂപ്രണ്ടിന് പരാതിയും നൽകിയിരുന്നു. മോർച്ചറിയിൽ വച്ച മൃതദേഹം അഴുകിയതുമായി ബന്ധപ്പെട്ട് മോർച്ചറി സൂക്ഷിപ്പുകാരനെ അന്നുതന്നെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് ജീവനക്കാർ കൈക്കൂലി വാങ്ങുന്നതിനെച്ചൊല്ലി നിരന്തരം ആക്ഷേപങ്ങളും പരാതികളുമുണ്ടായിരുന്നു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ആശുപത്രി സൂപ്രണ്ടുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. ആരോഗ്യ വകുപ്പ് മന്ത്രിയടക്കം ബന്ധപ്പെട്ടതോടെയാണ് കൈക്കൂലി വിഷയത്തിൽ ഗൗരവം വന്നതും അന്വേഷണ കമ്മീഷനെ നിയോഗിച്ചതും. പരാതിക്കാരുടെയും പണം നൽകിയവരുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് തയ്യാറാക്കി. ഇത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ച ശേഷമാണ് നടപടിയെടുക്കുക. പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഡോക്ടർമാർക്കും ജീവനക്കാർക്കുമടക്കം കർശന നിർദ്ദേശങ്ങളും നൽകി.