കയർപിരി യന്ത്രത്തിൽ വസ്ത്രം കുരുങ്ങി, യുവതിയെ രക്ഷപ്പെടുത്തി
Friday 15 May 2026 1:40 AM IST
അഞ്ചാലുംമൂട്: കയർ പിരിക്കുന്നതിനിടെ യന്ത്രത്തിൽ വസ്ത്രം കുരുങ്ങിയ യുവതിയെ സഹതൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. അഞ്ചാലുംമൂട് നോർത്ത് മുരുന്തൽ കയർ വ്യവസായ സഹകരണ സംഘം ക്യൂ-635 ലെ തൊഴിലാളി പ്രശാന്തിനിയാണ് (35) അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലിക്കിടെ പ്രശാന്തിനിയുടെ വസ്ത്രം അപ്രതീക്ഷിതമായി യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാട്ടുകാരുടെ സഹായത്തോടെ പ്രശാന്തിനിയെ പുറത്തെടുത്തു. പരിക്കേറ്റ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കൊല്ലത്ത് നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.