കോളേജ് ആട്സ് ക്ളബ് സെക്രട്ടറി ഇന്ന് മന്ത്രി

Monday 18 May 2026 12:03 AM IST

കൊല്ലം: തട്ടിലെ അഭിനയ മികവോടെ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജ് ആട്സ് ക്ളബ് സെക്രട്ടറിയായ അന്നത്തെ ബിരുദ വിദ്യാർത്ഥി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒ.വി.വിജയന്റെ ചെറുകഥയായ 'കടൽത്തീരത്ത്' 1997ൽ അഹമ്മദ് മുസ്ളീം നാടകമാക്കിയപ്പോൾ പ്രധാന നടനായത് നിയുക്ത മന്ത്രി പി.സി.വിഷ്ണുനാഥ്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകൻ കണ്ടുണ്ണിയെ കാണാൻ പോയ വെള്ളായിപ്പനെന്ന ഗ്രാമീണ കഥാപാത്രം സദസിന്റെ ഉള്ളുപൊള്ളിച്ചു. മകനുവേണ്ടി അമ്മ കൊടുത്തയച്ച പൊതിച്ചോറ് ആ കൈവെള്ളയിലിരുന്ന് കണ്ണീർ നനവുപറ്റിയതടക്കം കണ്ണും കാതും കൂർപ്പിച്ചിരുന്ന് ആസ്വദിക്കുകയായിരുന്നു സദസ്.

പിന്നീട് ഇതേ നാടകം കേരള സർവകലാശാല കലോത്സവത്തിൽ അവതരിപ്പിച്ച് രണ്ടാം സ്ഥാനവും സ്വന്തമാക്കി. കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴും വിഷ്ണുനാഥിന് നാടകത്തോടായിരുന്നു കമ്പം. പത്താം ക്ളാസിൽ പഠിക്കുമ്പോൾ 'ഭഗവത് ദ്യൂത്' എന്ന സംസ്കൃത നാടകത്തിലെ മുനികുമാരനായി. പുത്തൂർ ജയകുമാർ സംവിധാനം ചെയ്ത നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികവുകാട്ടി. സ്കൂൾ തലത്തിൽ പാട്ടിലും ടാബ്ളോയിലും പദ്യപാരായണത്തിലുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടി. ശാസ്താംകോട്ട കോളേജിൽ പ്രീഡിഗ്രിക്കും ഡിഗ്രിക്കും ചേർന്നപ്പോഴേക്കും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. ഇതോടെ കലാപ്രവർത്തനങ്ങൾക്ക് സമയം തികയാതെ വന്നു. എന്നാലും പ്രസംഗത്തിനിടയിൽ ഒരു പാട്ടെങ്കിലും പാടുന്നത് ശീലമാക്കി. 1997ൽ ആർട്സ് ക്ളബ് സെക്രട്ടറിയും 1998ൽ യൂണിയൻ കൗൺസിലറും 2001ൽ കേരള സർവകലാശാല സെനറ്റ് മെമ്പറും 2002ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായി.

പിന്നീട് പടിപടിയായി കോൺഗ്രസ് നേതൃസ്ഥാനത്തെത്തി, ജനപ്രതിനിധിയായി. ഇപ്പോൾ മന്ത്രിയുമാകുന്നു. കൊട്ടാരക്കര പുത്തൂർ മാവടി പാലോട്ട് (വൈഷ്ണവം) വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെയും ലീല.സി.പിള്ളയുടെയും മകനായ വിഷ്ണുനാഥും സഹോദരി വീണയും നാട്ടിലെ ക്ളബ്ബുകളിലടക്കം സജീവമായിരുന്നു.